ദാഹം മാറ്റാന്‍ മാത്രമല്ല, കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാക്കാനും ഇളനീര്‍ ഉപയോഗിക്കാം. ഇളനീരിന്റെ മാംസളമായ ഭാഗം ഉപയോഗിച്ച് ഷേക്കും ജ്യൂസും ഒക്കെ ഉണ്ടാക്കാറുണ്ട്. സാധാരണയായി വേവിച്ച് കഴിക്കാറില്ലെങ്കിലും മാംസളമായ ഭാഗം ഉപയോഗിച്ച് രുചികരമായ വിഭവങ്ങള്‍ തയാറാക്കാന്‍ പറ്റും. ഇപ്പോള്‍ വളരെ വ്യത്യസ്തമായി ഇളനീര്‍ ഉപയോഗിച്ച് ചില്ലി ഫ്രൈ ഉണ്ടാക്കി നോക്കാം.
Also Read: നോമ്പ് തുറ തരിക്കഞ്ഞി എങ്ങനെ ഉണ്ടാക്കമെന്ന് നോക്കാം
ചേരുവകള്‍
- 1 കപ്പ് ഇളനീരിന്റെ മാംസളമായ ഭാഗം അരിഞ്ഞത്
- 1 വലിയ ഉള്ളി ചെറുതായി അരിഞ്ഞത്
- 1 ക്യാപ്സിക്കം അരിഞ്ഞത് (ചുവപ്പ്, പച്ച അല്ലെങ്കില്‍ മഞ്ഞ)
- 1 ഇഞ്ച് കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത്
- 5-6 വെളുത്തുള്ളി അല്ലി ചെറുതായി അരിഞ്ഞത്
- 1 പച്ചമുളക് അരിഞ്ഞത്
- ഉപ്പ് പാകത്തിന്
- 1/4 ടീസ്പൂണ്‍ കുരുമുളക് പൊടി
- 1 /2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി
- 1/2 ടീസ്പൂണ്‍ ഗരം മസാല
- 1/2 നാരങ്ങ നീര്
- മല്ലിയില അരിഞ്ഞത്
ഉണ്ടാക്കുന്ന വിധം
ഒരു പാന്‍ അടുപ്പത്ത് വെച്ച്, എണ്ണയൊഴിച്ച ശേഷം, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഉള്ളിയും കാപ്‌സിക്കവും ചേര്‍ത്ത് മീഡിയം തീയില്‍ 4-5 മിനിറ്റ് ഫ്രൈ ചെയ്യുക. ശേഷം, ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക.
ഇതിലേക്ക് ഇളനീര്‍ കഷ്ണങ്ങള്‍, കുരുമുളക് പൊടി, ഗരം മസാല, മല്ലിയില, നാരങ്ങ നീര് എന്നിവ ചേര്‍ക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം തളിക്കുക. നന്നായി ഇളക്കുക.ഇത് 5 മിനിറ്റ് വേവിക്കുക. ശേഷം ഇറക്കിവച്ച് വിവിധ വിഭവങ്ങള്‍ക്കൊപ്പമോ, അല്ലെങ്കില്‍ തന്നെയോ കഴിക്കാം.