മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി; അർഹത മാനദണ്ഡങ്ങൾ പുറത്തിറക്കി

നിലവിൽ മറ്റെവിടെ നിന്നും സഹായം ലഭിക്കാത്ത, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്നതാണ് ഈ പദ്ധതി

മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി; അർഹത മാനദണ്ഡങ്ങൾ പുറത്തിറക്കി
മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി; അർഹത മാനദണ്ഡങ്ങൾ പുറത്തിറക്കി

ണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിയുടെ അർഹതാ മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ പുറത്തിറക്കി. നിലവിൽ മറ്റെവിടെ നിന്നും സഹായം ലഭിക്കാത്ത, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്നതാണ് ഈ പദ്ധതി. ആനുകൂല്യം ലഭിക്കുന്നതിന് ഗുണഭോക്താക്കൾ സംസ്ഥാനത്ത് സ്ഥിരതാമസമുള്ളവരായിരിക്കണം എന്ന നിബന്ധനയുണ്ട്. കൂടാതെ, ഗുണഭോക്താവ് മരണപ്പെട്ടാൽ അതിനുശേഷമുള്ള ആനുകൂല്യങ്ങൾക്ക് അവകാശികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല എന്നും സർക്കാർ വ്യക്തമാക്കുന്നു.

പൊതു മാനദണ്ഡങ്ങൾ

അപേക്ഷകർ മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഒന്നും തന്നെ ഗുണഭോക്താക്കൾ ആകാത്തവരും അന്ത്യോദയ അന്നയോജനയിലും [AAY – മഞ്ഞ കാർഡ് മുൻഗണനാ വിഭാഗത്തിലും [PHH – പിങ്ക് കാർഡ്) ഉൾപ്പെടുന്നവരുമായ 35 നും 60 നും ഇടയിൽ പ്രായമുള്ള ട്രാൻസ് വുമൺ അടക്കമുള്ള സ്ത്രീകൾ ആയിരിക്കണം.

പദ്ധതിയുടെ മാനദണ്ഡമനുസരിച്ച്, ഗുണഭോക്താവ് നിശ്ചയിക്കപ്പെട്ട പ്രായപരിധിയായ 60 വയസ്സ് കടക്കുന്ന ദിവസം മുതൽ ഈ സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

സ്ത്രീ സുരക്ഷാ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നതിന്, അപേക്ഷകർ സംസ്ഥാനത്ത് സ്ഥിരതാമസമുള്ളവർ ആയിരിക്കണം എന്ന നിബന്ധന കർശനമായി പാലിക്കേണ്ടതുണ്ട്.

പദ്ധതിയുടെ പ്രതിമാസ അനുകൂല്യം 1000/- രൂപ (ആയിരം രൂപ) ആയിരിക്കും.

Also Read: വാക്ക് പാലിച്ച് സർക്കാർ: നെല്ല് സംഭരണത്തുക വർദ്ധിപ്പിച്ച നിരക്കിൽ വിതരണം ചെയ്തു തുടങ്ങി

നിലവിൽ ഏതെങ്കിലും തരത്തിലുള്ള പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് ഈ സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കുന്നതല്ല.

പദ്ധതിയുടെ ഗുണഭോക്താവ് സംസ്ഥാനത്തിനകത്ത് നിന്ന് താമസം മാറുകയാണെങ്കിൽ ആനുകൂല്യത്തിനുള്ള അർഹത നഷ്ടപ്പെടും. കൂടാതെ, ഗുണഭോക്താവിന് കേന്ദ്ര/സംസ്ഥാന സർക്കാർ സർവീസുകളിലോ, കേന്ദ്ര/സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ (പദ്ധതികൾ, സർവ്വകലാശാലകൾ, മറ്റ് സ്വയംഭരണ/ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ ഉൾപ്പെടെ) സ്ഥിരം/കരാർ നിയമനം ലഭിക്കുന്നതോടു കൂടി ഈ പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനുള്ള അർഹത ഇല്ലാതാകുന്നതാണ്.

അന്ത്യോദയ അന്നയോജന, മുൻഗണനാ റേഷൻ കാർഡുകൾ നീല, വെള്ള റേഷൻ കാർഡുകൾ ആയി തരം മാറ്റപ്പെടുന്ന പക്ഷം പദ്ധതി അനുകൂല്യത്തിനുള്ള അർഹത ഇല്ലാതാകുന്നതാണ്.

ഗുണഭോക്താവ് മരണപ്പെട്ടതിന് ശേഷമുള്ള ആനുകൂല്യത്തിന് അവകാശികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല.

അനർഹമായി ആനുകൂല്യം കൈപ്പറ്റുന്നവരിൽ നിന്നും ഇത്തരത്തിൽ കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരികെ ഈടാക്കുന്നതാണ്.

ഗുണഭോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള വാർഷിക മസ്റ്ററിംഗ് ഉണ്ടായിരിക്കുന്നതാണ്.

Also Read: പെരുമ്പാവൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

എല്ലാ ഗൂണഭോക്താക്കളും പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന നല്കേണ്ടതാണ്.

ഗുണഭോക്താവ് ഒരു മാസമോ അതിലധികമോ കാലം റിമാൻഡ് ചെയ്യപ്പെടുകയോ ജയിലിൽ അടക്കപ്പെടുകയോ ചെയ്യുന്ന പക്ഷം പ്രസ്തുത കാലയളവിലെ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

പദ്ധതിക്കായി പ്രായം തെളിയിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്. എന്നാൽ, ഈ രേഖകളുടെ അഭാവത്തിൽ, പ്രായം തെളിയിക്കാൻ മറ്റ് രേഖകളൊന്നും ലഭ്യമല്ല എന്ന് അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് പ്രായം തെളിയിക്കുന്ന രേഖയായി സ്വീകരിക്കുന്നതാണ്.

Share Email
Top