മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി! 6% പലിശയിൽ 5 കോടി വരെ വായ്പ, ഇന്ന് തുടക്കമാകും

തിരുവനന്തപുരം ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി! 6% പലിശയിൽ 5 കോടി വരെ വായ്പ, ഇന്ന് തുടക്കമാകും
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി! 6% പലിശയിൽ 5 കോടി വരെ വായ്പ, ഇന്ന് തുടക്കമാകും

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പിനും ആദ്യ വായ്പാ വിതരണത്തിനും ഇന്ന് തുടക്കമാകും. തിരുവനന്തപുരം ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പുതിയ പദ്ധതി പ്രകാരം സംരംഭങ്ങൾക്ക് 6 ശതമാനം പലിശനിരക്കിൽ പരമാവധി 5 കോടി രൂപ വരെ വായ്പ ലഭിക്കും. പദ്ധതി ചെലവിന്റെ 90 ശതമാനം വരെ വായ്പയായും ഒരു വർഷത്തെ മോറട്ടോറിയം സൗകര്യവും ഇതിലൂടെ ലഭ്യമാണ്. കൂടാതെ, കെ.എഫ്.സിയുടെ വായ്പാ പരിധി സംസ്ഥാന സർക്കാർ 50 കോടിയിൽ നിന്ന് 100 കോടിയായി ഉയർത്തിയതും സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് കൂടുതൽ വേഗം പകരും.

ചടങ്ങിൽ ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എം.പി മികച്ച കെ.എഫ്.സി ശാഖയ്ക്കുള്ള പുരസ്കാരം സമ്മാനിക്കും. ജനപ്രതിനിധികളും ധനകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.

Share Email
Top