ചെന്നൈ : ചതുരംഗക്കളത്തിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഡി ഗുകേഷിന് തമിഴ്നാട് സർക്കാർ അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ലോക ചെസ് ചാംപ്യൻഷിപ്പിൽ വിജയിച്ചതിലൂടെ ഗുകേഷിന് 12 കോടിയോളം രൂപ സമ്മാനമായി ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്നാട് സർക്കാരും 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചത്. സിംഗപ്പൂരിലെ സെന്റോസ റിസോർട്സ് വേൾഡിൽ നടന്ന 2024 ലോക ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യനെ അവസാന ഗെയിമിൽ കീഴടക്കിയാണ് 18–ാം ലോകചാംപ്യനായി ഗുകേഷ് കിരീടം നേടിയത്.
ഗുകേഷിന്റെ ചരിത്രവിജയം രാജ്യത്തിന് അഭിമാനവും സന്തോഷവും നൽകിയെന്നും ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചാമ്പ്യനെന്ന ബഹുമതി ഇതിഹാസ താരം ഗാരി കാസ്‌പറോവിന്റെ പേരിലായിരുന്നു. 1985ൽ അദ്ദേഹം ജേതാവാകുമ്പോൾ പ്രായം 22 വർഷവും ആറ് മാസവും 27 ദിവസവും. ഈ റെക്കോഡാണ് മറികടന്നത്. ലോക ചാമ്പ്യനെ നേരിടാനുള്ള കാൻഡിഡേറ്റ്‌സ് ടൂർണമെന്റ് ജയിച്ച പ്രായംകുറഞ്ഞ കളിക്കാരനും ഗുകേഷായിരുന്നു.
Also Read: രേണുകാ സ്വാമി കൊലക്കേസ്; ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
58 നീക്കങ്ങളിലാണ് ഗുകേഷ്, ഡിങ് ലിറനെ തോൽപിച്ചത്. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ 13 കളികൾ തീർന്നപ്പോൾ സ്കോർനില തുല്യമായിരുന്നു (6.5–6.5). അവസാന ഗെയിമിലെ ജയത്തോടെ സ്കോർ 7.5– 6.5 എന്ന നിലയിലായി. 14ാ–ം ഗെയിമിലെ 55–ാം നീക്കത്തിൽ ഡിങ് ലിറൻ വരുത്തിയ അപ്രതീക്ഷിത പിഴവാണ് ഗുകേഷിന്റെ വിജയത്തിലേക്കു നയിച്ചത്.