മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി; വയനാട് സന്ദർശനത്തിലെ വിവാദങ്ങൾ ദൗർഭാഗ്യകരമെന്ന് പിണറായി വിജയൻ

മമ്മൂട്ടി ക്ഷുഭിതനായി എന്ന രീതിയിലുള്ള പ്രചാരണങ്ങൾ ദൗർഭാഗ്യകരമാണെന്നും കേരളത്തിന്റെ നന്മയ്ക്കായി എപ്പോഴും നിലകൊള്ളുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി; വയനാട് സന്ദർശനത്തിലെ വിവാദങ്ങൾ ദൗർഭാഗ്യകരമെന്ന് പിണറായി വിജയൻ
മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി; വയനാട് സന്ദർശനത്തിലെ വിവാദങ്ങൾ ദൗർഭാഗ്യകരമെന്ന് പിണറായി വിജയൻ

യനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദങ്ങളിലും തുടർന്നുണ്ടായ സൈബർ ആക്രമണങ്ങളിലും നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ആരെയും അറിയിക്കാതെ, ചെന്നൈയിൽ നിന്നും പുലർച്ചെ യാത്ര ചെയ്ത് ടൗൺഷിപ്പ് കാണാനുള്ള സദുദ്ദേശത്തോടെയാണ് മമ്മൂട്ടി വയനാട്ടിലെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവിടെയുണ്ടായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി സംസാരിച്ചത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും അത് വിവാദമാക്കേണ്ടതില്ലായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

താൻ വന്നത് ആരും ക്ഷണിച്ചിട്ടല്ലെന്നും, രാഷ്ട്രീയക്കാർ കൂടെ നടന്നാൽ അത് തെറ്റായി ചിത്രീകരിക്കപ്പെടുമോ എന്ന ആശങ്കയുമാണ് മമ്മൂട്ടി പങ്കുവെച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ക്യാമറയുടെ മുന്നിൽ പറഞ്ഞ കാര്യങ്ങളല്ല ഇതെന്നും എന്നാൽ ചിലർ അത് റെക്കോർഡ് ചെയ്ത് വലിയ വിവാദമാക്കി മാറ്റുകയുമായിരുന്നു. മമ്മൂട്ടി ക്ഷുഭിതനായി എന്ന രീതിയിലുള്ള പ്രചാരണങ്ങൾ ദൗർഭാഗ്യകരമാണെന്നും കേരളത്തിന്റെ നന്മയ്ക്കായി എപ്പോഴും നിലകൊള്ളുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read: എലത്തൂരിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി എൻ.സി.പിയിൽ തര്‍ക്കം; യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി എ കെ ശശീന്ദ്രൻ

മമ്മൂട്ടിയെപ്പോലൊരു മഹാനടനെ മനസ്സിലാക്കുന്നതിൽ ചിലർക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹത്തിന് മനഃപ്രയാസമുണ്ടായതിൽ ഖേദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ മമ്മൂട്ടി വയനാട്ടിലെത്തിയത് സഹായമനസ്സോടെയാണ്. അദ്ദേഹത്തിനെതിരെ നടന്ന സൈബർ ആക്രമണങ്ങൾ ശരിയായില്ലെന്നും കേരളത്തിന്റെ സംസ്കാരത്തിന് നിരക്കാത്ത രീതിയിലുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Share Email
Top