ദുബായ്: ഗൾഫ് സന്ദർശനത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുബായിൽ എത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ, സ്വീകരണ പരിപാടിയുടെ ജനറൽ കൺവീനർ എന്നിവരുൾപ്പെടെയുള്ളവർ ചേർന്നാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മൂന്ന് ദിവസത്തെ ദുബായ് സന്ദർശനത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ, ബിസിനസ് പ്രമുഖർ, ദുബായിലെ ഭരണകർത്താക്കൾ എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തും. ഇതിനു പുറമെ, ദുബായ് ഖിസൈസിലെ അമിറ്റി സ്കൂളിൽ നടക്കുന്ന ‘ഓർമ കേരളോത്സവത്തിലും’ അദ്ദേഹം പങ്കെടുക്കും. തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും. അഞ്ച് ഗൾഫ് രാജ്യങ്ങളിൽ നടത്തിയ മുഖ്യമന്ത്രിയുടെ സന്ദർശന പരമ്പര ദുബായിലാണ് അവസാനിക്കുന്നത്.






