ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രതിയായ പതിനേഴുകാരന്റെ പിതാവായ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ സർക്കാർ സമർപ്പിച്ച 16 പേജുള്ള വിശദമായ മറുപടി സത്യവാങ്മൂലത്തെ പരസ്യമായി പരിഹസിച്ച കോടതി, എല്ലാ ജാമ്യാപേക്ഷകളിലും സർക്കാർ ഇത്രയും താൽപ്പര്യം കാണിക്കാറുണ്ടോ എന്ന് ചോദിച്ചു. സോഷ്യൽ മീഡിയ സൃഷ്ടിക്കുന്ന പ്രതിസന്ധിയാണോ സർക്കാരിന്റെ നീക്കത്തിന് പിന്നിലെന്നും, ജില്ലാ ജഡ്ജിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന് വാശിപിടിക്കുന്നത് എന്തിനാണെന്നും കോടതി വിമർശിച്ചു.
ജില്ലാ ജഡ്ജി നിലവിൽ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും, ഈ കേസിൽ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ സുഗമമായ അന്വേഷണത്തിന് കസ്റ്റഡി ചോദ്യം ചെയ്യൽ അത്യാവശ്യമാണെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നു. മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും ജില്ലാ ജഡ്ജി ഹൈക്കോടതിയുടെ കർശന നിരീക്ഷണത്തിലായിരിക്കുമെന്ന് വ്യക്തമാക്കിയ കോടതി, ആവശ്യമെങ്കിൽ മാത്രം തുടർനടപടികളിലേക്ക് കടക്കാമെന്നും അറിയിച്ചു.
ഒക്ടോബർ 25-ന് പുലർച്ചെ ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ അഡീഷണൽ ജഡ്ജിയുടെ പതിനേഴുകാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ കൊല്ലപ്പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ പതിനേഴുകാരനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് ആഭ്യന്തരമന്ത്രിയുടെ ഇടപടലിനെയും ജനരോഷത്തെയും തുടർന്നാണ് പ്രതിക്കെതിരെ പിന്നീട് നരഹത്യാ കുറ്റം ചുമത്തിയത്.






