കൊച്ചി: ഏറെ വിവാദമായ ചേരാനല്ലൂർ വാഹനാപകട കേസിന്റെ അന്വേഷണത്തിൽ തുടക്കം മുതൽ വലിയ വീഴ്ച സംഭവിച്ചതായി എറണാകുളം അഡീഷണൽ സെഷൻസ് കോടതി. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ട കേസ് പരിഗണിക്കേണ്ട പ്രത്യേക കോടതിക്ക് പകരം അപ്പീൽ എന്തുകൊണ്ട് അഡീഷണൽ സെഷൻസ് കോടതിയിൽ ഫയൽ ചെയ്തു എന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി രൂക്ഷമായി ചോദ്യം ചെയ്തു.
ജില്ലയിൽ മുൻപ് സമാനമായ ഏതെങ്കിലും സംഭവങ്ങളിൽ കുറ്റകരമായ നരഹത്യയ്ക്ക് കേസ് എടുത്തിട്ടുണ്ടോ എന്ന് വിചാരണവേളയിൽ കോടതി ചോദിച്ചു. ഇതിൽ കൃത്യമായ വിവരം ശേഖരിച്ചു നൽകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതോടെ, രേഖകൾ ഉടനടി ഹാജരാക്കാൻ ആകുമോ എന്നും കോടതി ആരാഞ്ഞു. ഈ ജില്ലയിൽ ഇല്ലെങ്കിൽ തൊട്ടടുത്ത ജില്ലകളിലെ സമാന കേസുകളുടെ വിവരങ്ങൾ പരിശോധിക്കാമെന്നും, അവിടെയെങ്കിലും ബി.എൻ.എസ് 105 ചുമത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും വിചാരണക്കോടതി നിർദേശിച്ചു. ഇല്ലെങ്കിൽ അതിന് അന്വേഷണ ഉദ്യോഗസ്ഥൻ കൃത്യമായ മറുപടി നൽകേണ്ടി വരുമെന്ന് കോടതി ശക്തമായ മുന്നറിയിപ്പ് നൽകി. “ഇതൊരു ഫാൻസി ചോദ്യമല്ല, കേസിന്റെ തുടർനടപടികളെ ബാധിക്കുന്ന അതീവ പ്രാധാന്യമുള്ള കാര്യമാണ്” എന്നും അന്വേഷണ സംഘത്തെ കോടതി ഓർമ്മിപ്പിച്ചു.
അപകടമുണ്ടാക്കിയ പതിനേഴുകാരനെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് പോലീസിന്റെ പ്രധാന ആവശ്യം. എന്നാൽ വാഹനം ഓടിച്ച പതിനേഴുകാരൻ സ്ഥിരമായി ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നയാളാണെന്ന് അപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം കോടതിയിൽ വ്യക്തമാക്കി.






