കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അഖിലയും അതുല്യയും. നീതി ലഭ്യമാക്കിയ കോടതിയോടും, വക്കീലന്മാരോടും, പൊലീസിനോടും ഇരുവർക്കും ഒപ്പം നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതായി അവർ മാധ്യമങ്ങളോട് കണ്ണീരോടെ വ്യക്തമാക്കി.
കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും ആ വിശ്വാസം കാത്തുസൂക്ഷിച്ചുവെന്നും പെൺകുട്ടികൾ പറഞ്ഞു. സുധാകരന്റെ രണ്ടാമത്തെ മകൾക്ക് സർക്കാർ ജോലി നൽകാനും, പ്രതി 20 ലക്ഷം രൂപ പിഴയായി നൽകി ആ തുക കുട്ടികൾക്ക് നൽകാനും കോടതി ഉത്തരവിട്ടത് വലിയൊരു ആശ്വാസമാണെന്നും അവർ കൂട്ടിച്ചേർത്തു. അച്ഛന്റെയും അച്ചമ്മയുടെയും വേദനനിറഞ്ഞ ഓർമ്മകൾ ഉള്ളതിനാൽ ആ നാട്ടിലേക്ക് ഇനി തിരിച്ചുപോകുന്നില്ലെന്നും കുട്ടികൾ വ്യക്തമാക്കി.
Also Read:ഇ-പോസ് മെഷീൻ പ്രവർത്തനം നിലച്ചു; സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു
പ്രതി ചെന്താമരയ്ക്ക് യാതൊരു ഭയമോ കുറ്റബോധമോ ഇല്ലെന്നും, കോടതി വിധിക്ക് എതിരെ അയാൾ അപ്പീലിന് പോയാൽ തങ്ങളും നിയമപരമായി മുന്നോട്ടുപോകുമെന്നും അതുല്യയും അഖിലയും വ്യക്തമാക്കി. അയാൾ ശിക്ഷ അനുഭവിച്ച് ജയിലിൽ തന്നെ കഴിയണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു.
പോത്തുണ്ടി തിരുത്തംപാടത്ത് 2025 ജനുവരി 27-നാണ് സുധാകരനെയും(56) അമ്മ ലക്ഷ്മിയെയും(75) ചെന്താമര വെട്ടിക്കൊന്നത്. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി ഈ ക്രൂരകൃത്യം നടത്തിയത്. കേരളത്തിലെ ഏറ്റവും പുതിയ വാർത്തകളും വിവരങ്ങളും അറിയാൻ തുടർന്നും ഒപ്പം നിൽക്കുക.






