മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ചെന്നിത്തല അതൃപ്തിയിൽ; സിഎൽപി യോഗത്തിൽ നിന്ന് വിട്ടുനിന്നു

നാളെ മലയാളമാസത്തിലെ ഒന്നാം തീയതിയായതിനാൽ പതിവ് ക്ഷേത്രദർശനത്തിനായാണ് യാത്രയെന്നു ചെന്നിത്തലയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ചെന്നിത്തല അതൃപ്തിയിൽ; സിഎൽപി യോഗത്തിൽ നിന്ന് വിട്ടുനിന്നു
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ചെന്നിത്തല അതൃപ്തിയിൽ; സിഎൽപി യോഗത്തിൽ നിന്ന് വിട്ടുനിന്നു

വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിലാണെന്ന സൂചനകൾ ശക്തമാണ്. ചെന്നിത്തല വീട്ടിൽ നിന്ന് പിറകുവശത്തെ വഴിയിലൂടെ പുറത്തേക്ക് പോയതായാണ് റിപ്പോർട്ട്. തുടർന്ന് നടന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിലും അദ്ദേഹം പങ്കെടുത്തില്ല. എന്നാൽ വി ഡി സതീശന് പിന്തുണ അറിയിച്ച് കത്ത് നല്‍കുകയാണ് ചെയ്തത്. സീനിയോറിറ്റി പരിഗണിക്കാതെയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതെന്ന വികാരമാണ് ചെന്നിത്തലയുടെ അതൃപ്തിക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.

ഹരിപ്പാട് വഴി അദ്ദേഹം ഗുരുവായൂരിലേക്ക് പോയതായാണ് സൂചന. നാളെ മലയാളമാസത്തിലെ ഒന്നാം തീയതിയായതിനാൽ പതിവ് ക്ഷേത്രദർശനത്തിനായാണ് യാത്രയെന്നു ചെന്നിത്തലയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതേസമയം, വി ഡി സതീശന് ആശംസ അറിയിച്ച് ഇതുവരെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കാത്തതും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നുണ്ട്. ചെന്നിത്തലയെ അനുനയിപ്പിക്കാൻ കെപിസിസിയോ ഹൈക്കമാൻഡോ ഇതുവരെ ഔദ്യോഗിക നീക്കങ്ങൾ നടത്തിയിട്ടില്ല. വിഷയത്തിൽ അദ്ദേഹവുമായി സംസാരിക്കുമെന്ന് കോൺഗ്രസ് നിരീക്ഷകയായ ദീപ ദാസ്മുൻസി പ്രതികരിച്ചു. എല്ലാ എംഎൽഎമാരും ഹൈക്കമാൻഡിന്റെ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

Share Email
Top