റാഗിങ് നടത്താന്‍ ലൈസന്‍സ് കൊടുത്തത് കോടതി വിധികള്‍; രമേശ് ചെന്നിത്തല

കേരളത്തിലെ പല കോളേജുകളിലും ഇപ്പോള്‍ റാഗിങ് നടക്കുകയാണ്.

റാഗിങ് നടത്താന്‍ ലൈസന്‍സ് കൊടുത്തത് കോടതി വിധികള്‍; രമേശ് ചെന്നിത്തല
റാഗിങ് നടത്താന്‍ ലൈസന്‍സ് കൊടുത്തത് കോടതി വിധികള്‍; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ റാഗിങ് നടത്താന്‍ എസ്.എഫ്.ഐ കാര്‍ക്ക് പരസ്യമായ ലൈസന്‍സ് കൊടുത്തത് കോടതിവിധികളാണെന്ന് രമേശ് ചെന്നിത്തല. പൂക്കോട് വെറ്ററിനറി കോളേജില്‍ സഹപാഠികളുടെ ആള്‍ക്കൂട്ടവിചാരണയ്ക്കിരയായി സിദ്ധാര്‍ഥ് എന്ന വിദ്യാര്‍ഥി മരണപ്പെട്ടിട്ട് ചൊവ്വാഴ്ച ഒരു വര്‍ഷമാവുകയാണ്. കേസില്‍ സിബിഐയുടെ റിപ്പോര്‍ട്ടും ആന്റി സ്‌ക്വാഡിന്റെയും റിപ്പോര്‍ട്ടും വന്നപ്പോള്‍ ഹൈക്കോടതി പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. നിയമപരമായി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെ ന്യായീകരിക്കാമെങ്കിലും ജാമ്യം അനുവദിക്കാന്‍ കോടതി നിരത്തിയ വാദങ്ങള്‍ ഞെട്ടിപ്പിക്കുന്നതും വാസ്തവവിരുദ്ധവുമാണ്. സിദ്ധാര്‍ഥിന്റെ മാതാപിതാക്കളുടെ പോരാട്ടം മൂലമാണ് ഡിവിഷന്‍ ബെഞ്ചില്‍ പോയി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായി സ്റ്റേ വാങ്ങിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Also Read: വൈകാതെ രാജ്യത്തെ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമായി കേരളത്തെ മാറ്റിയുള്ള പ്രഖ്യാപനം ഉണ്ടാകും; മന്ത്രി

സിദ്ധാര്‍ഥ് എന്ന വിദ്യാര്‍ഥിയെ ഒരു രാത്രിയും പകലും ഒരു തുള്ളി വെള്ളമോ ആഹാരമോ കൊടുക്കാതെ കൊടിയ മര്‍ദനത്തിനും ശാരീരികാക്രമത്തിനും അപമാനത്തിനും ഇരയാക്കിയ ഇരുപതിലധികം എസ്.എഫ്.ഐ ഗുണ്ടകള്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ വിലസുന്നതാണ് കാണാന്‍ കഴിയുന്നത്. ഈ കേസിലെ പ്രതികള്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്ന വ്യക്തമായ സന്ദേശം വിധിന്യായങ്ങളിലൂടെ നല്‍കിയിരുന്നെങ്കില്‍ കോട്ടയത്തെ നഴ്‌സിങ് കോളേജില്‍ ഈ റാഗിങ് ഉണ്ടാവുമായിരുന്നില്ല. കേരളത്തിലെ പല കോളേജുകളിലും ഇപ്പോള്‍ റാഗിങ് നടക്കുകയാണ്. സിബിഐ കണ്ടെത്തിയ റിപ്പോര്‍ട്ടും ആന്റി റാഗിങ് സ്‌ക്വാഡുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളും പരിഗണിക്കാതെ പ്രതികള്‍ക്ക് ജാമ്യം കൊടുക്കുകയും ഇവര്‍ കുറ്റം ചെയ്തിട്ടില്ലെന്ന തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കുകയും ചെയ്താല്‍ ആര്‍ക്കാണ് റാഗിങ് ചെയ്യാന്‍ കഴിയാത്തതെന്ന് ചെന്നിത്തല ചോദിച്ചു.

Share Email
Top