ഐപിഎല്ലിലെ ചിരവൈരികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള പോരാട്ടം മൈതാനത്തിന് പുറത്തും വൻ വിവാദങ്ങൾക്ക് വഴിമാറുകയാണ്. ഈ സീസണിലെ രണ്ടാം മത്സരത്തിലും ചെന്നൈയോട് മുംബൈ പരാജയപ്പെട്ടതിന് പിന്നാലെ, സിഎസ്കെയെയും മുൻ നായകൻ എംഎസ് ധോണിയെയും കടന്നാക്രമിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് രംഗത്തെത്തി. മുംബൈ ഇന്ത്യൻസിന്റെ സുവർണ്ണകാലത്തെ ടീമിന് മുന്നിൽ ചെന്നൈയ്ക്ക് ഒരിക്കലും പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നും, അന്നത്തെ മുംബൈ നിര സിഎസ്കെയെ വളരെ എളുപ്പത്തിൽ പരാജയപ്പെടുത്തുമായിരുന്നു എന്നുമാണ് ഹർഭജന്റെ വാദം.
മുംബൈയുടെ ഓൾ-ടൈം ഇലവനിലെ കരുത്തിനെക്കുറിച്ച് സംസാരിച്ച ഹർഭജൻ, സച്ചിൻ ടെണ്ടുൽക്കർ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ എന്നിവരടങ്ങുന്ന നിരയോട് മത്സരിക്കാൻ ചെന്നൈയ്ക്ക് ശേഷിയില്ലെന്ന് തുറന്നടിച്ചു. പ്രത്യേകിച്ച് എംഎസ് ധോണിയെ ലക്ഷ്യമിട്ടുള്ള ഹർഭജന്റെ പരാമർശമാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ധോണിയിൽ ഒരു പ്രത്യേകതയുമില്ലെന്നും, തനിക്ക് അദ്ദേഹത്തെ എളുപ്പത്തിൽ പുറത്താക്കാൻ കഴിയുമായിരുന്നു എന്നും ഹർഭജൻ അവകാശപ്പെട്ടു. മുൻപ് ചെന്നൈ ടീമിനായി കളിച്ചിട്ടുള്ള താരം തന്നെ തന്റെ മുൻ നായകനെതിരെ ഇത്തരത്തിൽ സംസാരിച്ചത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
Also Read:മഞ്ഞപ്പടയുടെ ഗർജ്ജനം; ചെന്നൈയിൽ മുംബൈ വീണു!
ഹർഭജന്റെ രൂക്ഷവിമർശനങ്ങൾ നിലനിൽക്കുമ്പോഴും ഈ സീസണിൽ മുംബൈയ്ക്ക് മേൽ പൂർണ്ണ ആധിപത്യം നേടാൻ ചെന്നൈയ്ക്ക് സാധിച്ചു. വാംഖഡെയിൽ നടന്ന ആദ്യ പോരാട്ടത്തിൽ 103 റൺസിന്റെ വമ്പൻ ജയം നേടിയ ചെന്നൈ, ചെപ്പോക്കിലെ രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റുകൾക്കാണ് മുംബൈയെ തകർത്തത്. നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ മുംബൈയെ നിഷ്പ്രഭമാക്കിയ ചെന്നൈ, ഈ സീസണിലെ തങ്ങളുടെ കരുത്ത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.






