ചാറ്റ് ജിപിടിയ്ക്ക് ഇനി ഡസ്‌ക്ടോപ്പ് ആപ്പും ലഭ്യമാകും

ചാറ്റ് ജിപിടിയ്ക്ക് ഇനി ഡസ്‌ക്ടോപ്പ് ആപ്പും ലഭ്യമാകും

ചാറ്റ് ജിപിടിയ്ക്ക് ഇനി ഡസ്‌ക്ടോപ്പ് ആപ്പും. എന്നാല്‍ വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് ഇത് ലഭിക്കില്ല. നിലവില്‍ മാക്കിന് വേണ്ടി മാത്രമാണ് ചാറ്റ് ജിപിടി ഡെസ്‌ക്ടോപ്പ് ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി നടന്ന തത്സമയ സ്ട്രീമിങിലാണ് ഓപ്പണ്‍ എഐ പുതിയ ചാറ്റ് ജിപിടി ഡെസ്‌ക്ടോപ്പ് ആപ്പ് അവതരിപ്പിച്ചത്.

ഡെസ്‌ക്ടോപ്പ് ഉപഭോക്താക്കള്‍ക്ക് പലവിധത്തില്‍ ഉപകാരപ്രദമാണ് ചാറ്റ് ജിപിടി ഡെസ്‌ക്ടോപ്പ് ആപ്പ്. ഡെസ്ട്കോപ്പ് കംപ്യൂട്ടറില്‍ എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് ചാറ്റ് ജിപിടി ഒരു ചെറിയ വിന്‍ഡോയില്‍ തുറക്കാനാവും. നിങ്ങളുടെ സ്‌ക്രീനില്‍ എന്തെല്ലാം ആണ് കാണുന്നത് എന്ന് തിരിച്ചറിയാന്‍ ഈ എഐ അസിസ്റ്റന്റിന് സാധിക്കും. കീബോര്‍ഡിലെ ഓപ്ഷന്‍ + സ്പേസ് എന്ന ഷോര്‍ട്ട് കട്ട് ഉപയോഗിച്ച് ചാറ്റ് ജിപിടിയോട് ചോദ്യങ്ങള്‍ ചോദിക്കാം. സ്‌ക്രീന്‍ ഷോട്ട് എടുത്ത് അതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാം. ഉദാഹരണത്തിന് കോഡിങ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഡെവലപ്പര്‍ക്ക് തത്സമയം അതിലെ പിഴവുകള്‍ ചാറ്റ് ജിപിടിയുമായി സംവദിച്ച് പരിഹരിക്കാനാവും. സമാനമായി കംപ്യൂട്ടറില്‍ മറ്റ് ജോലികള്‍ ചെയ്യുമ്പോഴും ചാറ്റ് ജിപിടി ഉപയോഗിക്കാം.

ആദ്യം ചാറ്റ് ജിപിടി ഉപഭോക്താക്കള്‍ക്കാണ് ഈ ആപ്പ് ലഭ്യമാക്കുക. വരും ആഴ്ചകളില്‍ സൗജന്യ ഉപഭോക്താക്കള്‍ അടക്കം എല്ലാവര്‍ക്കും ആപ്പ് ലഭിക്കും.നേരത്തെ ഒരു ചാറ്റ്ബോട്ടിനെ പോലെയാണ് ചാറ്റ് ജിപിടി പ്രവര്‍ത്തിച്ചിരുന്നത് എങ്കില്‍ ജിപിടി 4ഒ യുടെ വരവോടെ ചാറ്റ് ജിപിടി ഒരു വിര്‍ച്വല്‍ അസിസ്റ്റന്റ് എന്ന നിലയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.

നിലവില്‍ മാക്ക് ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ചാറ്റ് ജിപിടി ലഭ്യമാക്കിയിട്ടുള്ളത് എങ്കിലും വിന്‍ഡോസ് വേര്‍ഷന്‍ ഈ വര്‍ഷം അവസാനത്തോടെ ലഭ്യമാക്കിയേക്കും. ചാറ്റ് ജിപിടിയുടെ ഐഒഎസ്, ആന്‍ഡ്രോയിഡ് ആപ്പുകള്‍ നിലവില്‍ ലഭ്യമാണ്. ചാറ്റ് ജിപിടിയുടെ യൂസര്‍ ഇന്റര്‍ഫെയ്സ് പരിഷ്‌കരിച്ചിട്ടുണ്ട്. വെബ്ബ് വേര്‍ഷനിലും ഈ മാറ്റമുണ്ട്. ഇതോടൊപ്പം ജിപിടി 4ഒ എന്ന എഐ മോഡലും അവതരിപ്പിച്ചു, ടെക്സ്റ്റ്, ശബ്ദം, ദൃശ്യം എന്നിവ ഉപയോഗിച്ച് ആശയവിനിമയം നടത്താനാവുന്ന എഐ മോഡലാണ് ജിപിടി-4ഒ.

Top