ഛത്തീസ്ഗഡിലെ ജാഷ്പുർ ജില്ലയിൽ സ്വകാര്യ ചാർട്ടേഡ് വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. നാരായൺപുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖുരാസഗഢ ഗ്രാമത്തിന് സമീപത്തെ രതൻപഹ്‌ലി വനമേഖലയിലാണ് തിങ്കളാഴ്ച ഉച്ചയോടെ അപകടമുണ്ടായത്.
ഭൂനിരപ്പിൽ നിന്ന് ഏകദേശം 30 അടി മാത്രം ഉയരത്തിൽ അസാധാരണമാംവിധം താഴ്ന്നു പറക്കുകയായിരുന്ന വിമാനം മരത്തിലിടിച്ച് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിന് പിന്നാലെ വനമേഖലയിൽ നിന്ന് വലിയ രീതിയിൽ പുകപടലങ്ങൾ ഉയരുന്നത് ദൂരസ്ഥലങ്ങളിൽ നിന്നുപോലും ദൃശ്യമായിരുന്നു. ഒറ്റ എൻജിനുള്ള ചെറിയ പ്രൊപ്പല്ലർ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക സൂചന.
Also Read: അതിർത്തിയിലെ നിശ്ശബ്ദ വിസ്മയം; ഒരു ട്രെയിനും നിർത്താത്ത ‘സിംഗാബാദ്’ റെയിൽവേ സ്റ്റേഷന്റെ ചരിത്രം
വിമാനത്തിൽ മൂന്ന് പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അപകടസ്ഥലത്തേക്ക് ജാഷ്പുരിൽ നിന്നും നാരായൺപുരിൽ നിന്നും പോലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനയും ഉടൻ തന്നെ കുതിച്ചെത്തി. വനമേഖലയായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. പൈലറ്റുമാരുടെ മൃതദേഹങ്ങൾ വനത്തിനുള്ളിൽ നിന്ന് കണ്ടെടുത്തു. വിമാനം തകരാനുണ്ടായ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും അധികൃതർ അറിയിച്ചു.






