തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ വിവാദ ചാർട്ടേഡ് വിമാനയാത്രയിൽ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്. പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാറിന്റെ ബെഞ്ച് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. വിമാനയാത്രയിലെ അഴിമതി ആരോപണം അന്വേഷിക്കണമെന്നും കേസിലേക്ക് സർക്കാരിനെ കക്ഷി ചേർക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. ഹർജി അടുത്തതായി 2027 ജനുവരി 12-ന് വീണ്ടും പരിഗണിക്കും.
മലപ്പുറത്തേക്കുള്ള യാത്രയ്ക്കായി മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വകാര്യ ചാർട്ടേഡ് വിമാന സൗകര്യം ഉപയോഗിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. യാത്ര സ്പോൺസർ ചെയ്തതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയെങ്കിലും, സ്പോൺസർ ആരാണെന്ന് പരസ്യപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. എന്നാൽ വിമാനയാത്രയുടെ തുക അടച്ചത് ‘ചിപ്സൺ ഏവിയേഷൻസ്’ ആണെന്ന വിവരവും ഇൻവോയ്സും പിന്നീട് പുറത്തുവന്നു. സ്ഥാപനത്തിന് പിന്നിൽ മറ്റാരെങ്കിലും പണം നൽകിയിട്ടുണ്ടോ എന്ന ചോദ്യങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി മറുപടി നൽകാൻ തയ്യാറായിരുന്നില്ല.
തുടർന്നാണ് വിഷയത്തിൽ അഴിമതി ആരോപിച്ച് കെ.എം. ഷാജഹാൻ ലോകായുക്തയെ സമീപിച്ചത്. സർക്കാരിന്റെ ഔദ്യോഗിക ആവശ്യത്തിനാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്നും സ്പോൺസറെ വെളിപ്പെടുത്തേണ്ടതില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ ടി. അസഫലി വാദിച്ചെങ്കിലും, ഹർജി തള്ളണമെന്ന സർക്കാരിന്റെ ആവശ്യം ലോകായുക്ത തള്ളുകയായിരുന്നു. ലോകായുക്ത അന്വേഷണത്തിലേക്ക് കടക്കുന്നതോടെ വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി നിർബന്ധിതനാകുമെന്നാണ് വിലയിരുത്തൽ.






