കര്‍ണാടകയില്‍ അധികാരമാറ്റം! രാജി സമര്‍പ്പിച്ച് സിദ്ധരാമയ്യ; ഡി.കെ. ശിവകുമാര്‍ ചുമതലയേല്‍ക്കും

സിദ്ധരാമയ്യയുടെ കാലാവധി മൂന്നാം വര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഈ മാറ്റം

കര്‍ണാടകയില്‍ അധികാരമാറ്റം! രാജി സമര്‍പ്പിച്ച് സിദ്ധരാമയ്യ; ഡി.കെ. ശിവകുമാര്‍ ചുമതലയേല്‍ക്കും
കര്‍ണാടകയില്‍ അധികാരമാറ്റം! രാജി സമര്‍പ്പിച്ച് സിദ്ധരാമയ്യ; ഡി.കെ. ശിവകുമാര്‍ ചുമതലയേല്‍ക്കും

ര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ രാജിവെച്ചു. ബെംഗളൂരുവിലെ ലോക്ഭവനിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചത്. ഗവര്‍ണര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഓഫീസിലാണ് കത്ത് ഏല്‍പ്പിച്ചത്. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് രാജിയെന്നും, നേതൃത്വം ആവശ്യപ്പെട്ടാല്‍ പദവി ഒഴിയുമെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. വൈകിട്ട് നാലരയോടെ അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും.

മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഡി.കെ. ശിവകുമാറിനൊപ്പമാണ് സിദ്ധരാമയ്യ ലോക്ഭവനിലെത്തിയത്. ജി. പരമേശ്വരയും അദ്ദേഹത്തെ അനുഗമിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം രണ്ടര വര്‍ഷം വീതം അധികാരം പങ്കിടാം എന്ന ഫോര്‍മുലയിലൂടെയാണ് അന്ന് പരിഹരിച്ചത്. സിദ്ധരാമയ്യയുടെ കാലാവധി മൂന്നാം വര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഈ മാറ്റം. അതേസമയം, രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാനാണ് ആഗ്രഹമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

Also Read:ഡൽഹി ജിംഖാനയ്ക്ക് പിന്നാലെ ഡൽഹി ഗോൾഫ് ക്ലബ്ബിനും സുപ്രീം കോടതി ഷോക്ക്; എലൈറ്റ് ശക്തികേന്ദ്രത്തിന്റെ ഭാഗങ്ങൾ അടച്ചുപൂട്ടുന്നത് എന്തുകൊണ്ട്?

സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ അധികാരമാറ്റങ്ങള്‍ ദ്രുതഗതിയിലാണ് നടക്കുന്നത്. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് സതീഷ് ജർകിഹോളിയുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കൂടാതെ, മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ വരെ ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഭ്യന്തരമന്ത്രി ജി. പരമേശ്വര, മന്ത്രി എം.ബി. പാട്ടീല്‍ എന്നിവരുടെ പേരുകളാണ് ഇതിനായി പരിഗണനയിലുള്ളത്. തന്റെ മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. മന്ത്രിസഭ രൂപീകരണത്തിലും ഹൈക്കമാന്‍ഡ് കര്‍ശനമായ ഇടപെടല്‍ നടത്തും. സിദ്ധരാമയ്യയെ പിണക്കാതിരിക്കാന്‍ ഡി.കെ. ശിവകുമാറിന് ‘ഫ്രീഹാൻഡ്’ നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അധികാരമൊഴിയുന്നതിന് മുന്നോടിയായി സിദ്ധരാമയ്യ തന്റെ ഔദ്യോഗിക വസതിയായ ‘കാവേരി’യില്‍ മന്ത്രിമാര്‍ക്ക് പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു. ഈ വേളയിലാണ് താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്നും, പകരമെത്തുന്ന ഡി.കെ. ശിവകുമാറിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം മന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചത്.

Share Email
Top