സംസ്ഥാനങ്ങളിൽ ഭരണമാറ്റം; പി.എം. ശ്രീ പദ്ധതിക്കായി കേന്ദ്രം നീക്കം ശക്തമാക്കുന്നു

തൃണമൂൽ കോൺഗ്രസ് ഭരണത്തിന് ശേഷം പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരം പിടിച്ചെടുത്തതോടെ അവിടെ പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പായിട്ടുണ്ട്

സംസ്ഥാനങ്ങളിൽ ഭരണമാറ്റം; പി.എം. ശ്രീ പദ്ധതിക്കായി കേന്ദ്രം നീക്കം ശക്തമാക്കുന്നു
സംസ്ഥാനങ്ങളിൽ ഭരണമാറ്റം; പി.എം. ശ്രീ പദ്ധതിക്കായി കേന്ദ്രം നീക്കം ശക്തമാക്കുന്നു

ഡൽഹി: കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ പുതിയ സർക്കാരുകൾ അധികാരമേറ്റ പശ്ചാത്തലത്തിൽ, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പി.എം. ശ്രീ സ്കൂൾ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ഊർജ്ജിതമാക്കി. പദ്ധതി നടപ്പാക്കാൻ തയ്യാറാകാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉടൻ കത്തയക്കും.

തൃണമൂൽ കോൺഗ്രസ് ഭരണത്തിന് ശേഷം പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരം പിടിച്ചെടുത്തതോടെ അവിടെ പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ തമിഴ്‌നാട്ടിലും കേരളത്തിലും സ്ഥിതി വ്യത്യസ്തമാണ്. തമിഴ്‌നാട്ടിൽ പുതുതായി അധികാരമേറ്റ വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ സർക്കാർ തങ്ങളുടെ ദ്വിഭാഷാ നയത്തിൽ ഉറച്ചുനിൽക്കുന്നതിനാൽ കേന്ദ്ര പദ്ധതിയോട് എങ്ങനെ പ്രതികരിക്കുമെന്നത് കണ്ടറിയണം.

Also Read: ഓപ്പറേഷൻ സിന്ദൂർ! ഇന്ത്യയുടെ കരുത്തും നിശ്ചയദാർഢ്യവും തെളിയിച്ച പോരാട്ടം; സൈനികരെ അഭിവാദ്യം ചെയ്ത് മോദി

കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാരിന്റെ നിലപാടാണ് ഏറ്റവും നിർണ്ണായകം. മുൻ എൽ.ഡി.എഫ് സർക്കാർ പദ്ധതിക്കായി കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നെങ്കിലും രാഷ്ട്രീയ വിവാദങ്ങളെ തുടർന്ന് തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ പി.എം. ശ്രീ നടപ്പാക്കിയിട്ടുണ്ടെങ്കിലും, കേരളത്തിലെ കോൺഗ്രസ് നേതൃത്വം മുൻപ് ഇതിനെ എതിർത്തിരുന്നു. കേന്ദ്രത്തിൽ നിന്നുള്ള സമഗ്ര ശിക്ഷാ ഫണ്ടുകൾ ലഭിക്കാൻ ഈ പദ്ധതിയുമായുള്ള സഹകരണം അനിവാര്യമായതിനാൽ പുതിയ സർക്കാർ സ്വീകരിക്കുന്ന നയം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്കും ചർച്ചകൾക്കും വഴിതുറക്കും.

Share Email
Top