സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

മഴ കനത്തതോടെ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രയ്ക്ക് അതത് ജില്ലാ ഭരണകൂടങ്ങൾ കർശന നിയന്ത്രണമേർപ്പെടുത്തി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തി. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടും തുടരും. നാളെയും കാസർകോട് മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

മഴ കനത്തതോടെ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രയ്ക്ക് അതത് ജില്ലാ ഭരണകൂടങ്ങൾ കർശന നിയന്ത്രണമേർപ്പെടുത്തി. വൈകീട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെയുള്ള യാത്രകൾ പരമാവധി ഒഴിവാക്കാനാണ് നിർദേശം. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ, കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Share Email
Top