തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, നേരത്തെ മഴ മുന്നറിയിപ്പ് ഇല്ലാതിരുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് തുടരുന്നത്. നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ ആഗസ്റ്റ് 5, 6 തീയതികളിൽ മഴ വീണ്ടും ശക്തി പ്രാേപിച്ചേക്കുമെന്നും പ്രവചനമുണ്ട്.
സംസ്ഥാനത്തെ വിവിധ മഴക്കെടുതികളിൽ ഇന്ന് നാല് പേർക്കുകൂടി ജീവൻ നഷ്ടമായി. കണ്ണൂർ കൂത്തുപറമ്പിൽ കൈതേരി ഇടത്തിൽ രാരിഷ് എന്ന യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാപ്പാട്ട് വെള്ളക്കെട്ടിൽ വീണ വലിയാണ്ടി സ്വദേശി നൗഷാദിന്റെ രണ്ടുവയസ്സുകാരൻ മകൻ മാസിൻ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇതിനുപുറമേ, തിരുവനന്തപുരത്ത് കടലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോൻ, വിഴിഞ്ഞം സ്വദേശി ആന്റണി എന്നിവരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. കൊല്ലത്തും കണ്ണൂരിലും തിരുവനന്തപുരത്തുമായി മറ്റു ചിലരെയും കടലിൽ കാണാതായിട്ടുണ്ട്, ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
പ്രളയക്കെടുതി ഏറ്റവും രൂക്ഷമായ പത്തനംതിട്ട റാന്നിയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ആറന്മുളയും അപ്പർ കുട്ടനാടും ഇപ്പോഴും വെള്ളക്കെട്ടിൽ തന്നെയാണ്. വിവിധ മഴ അപകടങ്ങളിലായി സംസ്ഥാനത്ത് 13 പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുണ്ട്. സർക്കാരിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. നിലവിൽ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.






