ചാമ്പ്യൻസ് ട്രോഫി പോരാട്ടത്തിന് മുന്‍പായി ഓസീസിന് വീണ്ടും എട്ടിന്റെ പണി. സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനും ടൂര്‍ണമെന്റ് നഷ്ടമായിരിക്കുകയാണ്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് താരം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്റ്റാര്‍ക് പിന്മാറിയത് ടീമിന് വലിയ തിരിച്ചടിയാണെങ്കിലും താരത്തിന്റെ തീരുമാനത്തിന് ക്രിക്കറ്റ് ഓസ്ട്രേലിയ പൂര്‍ണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. സെലക്ടര്‍മാര്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍, ബെന്‍ ഡ്വാര്‍ഷ്യസ്, നഥാന്‍ എല്ലിസ്, ഷോണ്‍ അബോട്ട് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Also Read: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ; സിറ്റിയെ വീഴ്ത്തി റയൽ
അതേസമയം ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് ഇതുവരെ പുറത്താകുന്ന അഞ്ചാമത്തെ താരമാണ് സ്റ്റാര്‍ക്ക്. നേരത്തെ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, മാര്‍കസ് സ്റ്റോയിനിസ് എന്നിവര്‍ പുറത്തായിരുന്നു. അടുത്തിടെ ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മാര്‍ക്കസ് സ്റ്റോയിനിസിന് പകരക്കാരനായി ആരോണ്‍ ഹാര്‍ഡിയെയും ടീമില്‍ ഉള്‍പ്പെടുത്തി.
പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും ടീമില്‍ ഇല്ലാത്തതിനാല്‍ സ്റ്റാര്‍ക്കില്‍ ആയിരുന്നു ഓസ്‌ട്രേലിയയുടെ പ്രതീക്ഷ. കമ്മിന്‍സിന്റെ അഭാവത്തില്‍ പാകിസ്ഥാനിൽ നടക്കുന്ന ടൂര്‍ണമെന്റിനുള്ള ക്യാപ്റ്റനായി സ്റ്റീവ് സ്മിത്തിനെ നിയമിച്ചതായും ഓസ്‌ട്രേലിയ അറിയിച്ചു.