ചാമ്പ്യൻസ് ട്രോഫി: താരങ്ങൾക്ക് കുടുംബത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനയില്‍ ഇളവ്

ഓസ്ട്രേലിയന്‍ പര്യടനത്തിലെ തോല്‍വിക്ക് പിന്നാലെയാണ് കളിക്കാരുടെ മേല്‍ ബിസിസിഐ നിയന്ത്രണം കടുപ്പിച്ചത്

ചാമ്പ്യൻസ് ട്രോഫി: താരങ്ങൾക്ക് കുടുംബത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനയില്‍ ഇളവ്
ചാമ്പ്യൻസ് ട്രോഫി: താരങ്ങൾക്ക് കുടുംബത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനയില്‍ ഇളവ്

മുംബൈ: ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിന് നാളെ പാകിസ്ഥാനില്‍ തുടക്കം കുറിക്കും. താരങ്ങൾക്ക് കുടുംബത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനയില്‍ ബിസിസിഐ ഇളവ് അനുവദിച്ചു. ചാമ്പ്യൻസ് ട്രോഫിക്കായി ദുബായിലുള്ള ഇന്ത്യൻ ടീമിന് ഏതെങ്കിലും ഒരു മത്സരം കാണാന്‍ മാത്രം കുടുംബത്തെ കൊണ്ടുവരാമെന്നാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നതെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഓസ്ട്രേലിയന്‍ പര്യടനത്തിലെ തോല്‍വിക്ക് പിന്നാലെയാണ് കളിക്കാരുടെ മേല്‍ ബിസിസിഐ നിയന്ത്രണം കടുപ്പിച്ചത്. കളിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം അനുസരിച്ച് 45 ദിവസത്തില്‍ കൂടുതലുള്ള വിദേശ പരമ്പരകളില്‍ പരമാവധി രണ്ടാഴ്ചയും 45 ദിവസത്തില്‍ താഴെയുള്ള വിദേശ പരമ്പരകളില്‍ പരമാവധി ഒരാഴ്ചയും മാത്രമെ കളിക്കാര്‍ക്ക് കുടുംബത്തെ കൂടെ കൂട്ടാൻ സാധിക്കൂ.

Also Read: ഇന്ത്യ-പാക് പോരാട്ടം ആരാധകർക്കൊപ്പമിരുന്ന് കാണണം; മൊഹ്സിന്‍ നഖ്‌വി

ചാമ്പ്യൻസ് ട്രോഫി ഒരു മാസത്തില്‍ കുറഞ്ഞ ടൂര്‍ണമെന്‍റായതിനാല്‍ കുടുംബത്തെ കൂടെ കൂട്ടാന്‍ അനുമതി നല്‍കേണ്ടെന്നായിരുന്നു ബിസിസിഐയുടെ തീരുമാനം. ചാമ്പ്യൻസ് ട്രോഫിക്ക് ദുബായിലേക്ക് തിരിക്കും മുമ്പ് കുടുംബത്തെ കൂടെ കൂട്ടാനാവുമോ എന്ന് ഒരു സീനിയര്‍ താരം ചോദിച്ചുവെന്നും എന്നാല്‍ ബിസിസിഐ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഒരു കളിക്കാരന് പേഴ്സണല്‍ കുക്ക് ഉണ്ടായിരുന്നുവെന്നും മറ്റൊരു കളിക്കാരന്‍ ഭാര്യയെയും കുട്ടികളെയും പുറമെ കുട്ടികളെ നോക്കാനായി ആയയെയും ഭാര്യയുടെ മുത്തശ്ശിയെയും കൂടെ കൂട്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുമെന്നും ഇക്കാര്യത്തില്‍ സീനിയര്‍ താരങ്ങള്‍ക്ക് പ്രത്യേക ഇളവ് അനുവദിക്കാനാവില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Share Email
Top