കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കമുള്ള ഇൻസ്റ്റഗ്രാം പരസ്യങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചതോടെ വിശദീകരണവുമായി മാതൃകമ്പനിയായ മെറ്റ. ഈ വിഷയത്തിൽ കമ്പനി എടുത്ത കടുത്ത നടപടികൾ വിശദീകരിച്ച് ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെയാണ് മെറ്റ രംഗത്തെത്തിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയിൽ മാത്രം ഇത്തരത്തിലുള്ള 1,60,000 അക്കൗണ്ടുകൾ നീക്കംചെയ്തതായി കമ്പനി വ്യക്തമാക്കി.
ബിബിസിനടത്തിയ അന്വേഷണത്തിൽ, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ വീഡിയോകൾ ഇൻസ്റ്റഗ്രാം അൽഗോരിതം പ്രോത്സാഹിപ്പിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ മെറ്റയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തതോടെയാണ് കമ്പനിയുടെ ഈ കൂട്ടനടപടി. കുട്ടികൾക്കെതിരായ അതിക്രമങ്ങളെ അതീവ ഗുരുതരമായ കുറ്റകൃത്യമായാണ് കാണുന്നതെന്നും ഇതിനെതിരെ കമ്പനി 24 മണിക്കൂറും ഉണർന്ന് പ്രവർത്തിക്കുകയാണെന്നും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു. സംശയാസ്പദമായ ഇത്തരം ലിങ്കുകൾ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്യുമ്പോൾ തന്നെ അവ സ്വയം തിരിച്ചറിഞ്ഞ് തടയാൻ പ്രത്യേക എഐ ഡിറ്റക്ഷൻ ടൂളുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. വിവാദ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടയുടൻ അവ നീക്കം ചെയ്യുകയും, അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കുകയും നയലംഘന ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട യുആർഎല്ലുകൾ തടയുകയും ചെയ്തിട്ടുണ്ട്.
ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടതിന് പിന്നിൽ മെറ്റയുടെ താല്പര്യങ്ങളാണെന്ന ആരോപണം കമ്പനി പൂർണ്ണമായി നിഷേധിച്ചു. തങ്ങളുടെ എൻഫോഴ്‌സ്‌മെന്റ് സംവിധാനങ്ങൾ കേന്ദ്രത്തിന്റെ നോട്ടീസിന് മുൻപ് തന്നെ ശക്തമായി പ്രവർത്തിക്കുന്നുണ്ടായിരുന്നുവെന്നും കമ്പനി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മാത്രം കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള 3.6 കോടി ഉള്ളടക്കങ്ങളാണ് മെറ്റ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്തത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ നിന്ന് ആഗോളതലത്തിൽ 40 ലക്ഷത്തിലധികം സംശയാസ്പദമായ അക്കൗണ്ടുകൾ കഴിഞ്ഞ വർഷം മാത്രം പൂട്ടിക്കെട്ടി. മെറ്റ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ഉള്ളടക്കങ്ങൾ കടന്നുകൂടാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും, നിയമവിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങൾ പൂർണ്ണമായും തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും മെറ്റ തങ്ങളുടെ ബ്ലോഗിലൂടെ വ്യക്തമാക്കി.






