ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളെ പങ്കാളികളാക്കി കേന്ദ്രം ‘ഗ്രേറ്റ് ഇന്ത്യൻ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് ചലഞ്ച്’ പദ്ധതി നടപ്പാക്കും. ആദ്യ ഘട്ടത്തിൽ 4 വർഷത്തിനുള്ളിൽ 36 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനാണ് പദ്ധതി. ഡെസ്റ്റിനേഷൻ മാനേജ്മെന്റ് സങ്കൽപത്തിലൂടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. അതത് സംസ്ഥാന സർക്കാരുകളാണ് പദ്ധതിയുടെ നോഡൽ ഏജൻസി.
അതേസമയം നിലവിലുള്ള വിനോദസഞ്ചാര കേന്ദ്രമോ, പുതിയതായി കണ്ടെത്തിയവയോ പദ്ധതിയിൽ ഉൾപ്പെടുത്താം. പദ്ധതിയുടെ 80% വരെ കേന്ദ്രം നൽകും. കൂടാതെ 50 വർഷത്തേക്കുവരെ പലിശരഹിത വായ്പകളും അനുവദിക്കും. ഈ കേന്ദ്രങ്ങളിൽ ഓരോ 6 മാസവും എന്ത് പ്രവൃത്തികളാണ് ചെയ്യുന്നതെന്ന് ടൂറിസം മന്ത്രാലയം നിയമിക്കുന്ന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകണം. യാത്രക്കാരിൽ നിന്ന് ഫീഡ്‌ബാക്ക് സ്വീകരിക്കുന്നതിന് തത്സമയ ഡാഷ്‌ബോർഡും ഒരുക്കും. ഇങ്ങനെ ഓരോ ഘട്ടത്തിലും മാനേജ്മെന്റ് മികവ് അനുസരിച്ചാവും അടുത്ത ഘട്ടത്തിലേക്കുള്ള കേന്ദ്രസഹായത്തുക തീരുമാനിക്കുന്നത്. ഏപ്രിലിൽ പദ്ധതിയുടെ മാർഗനിർദേശം പ്രഖ്യാപിക്കും.