കേന്ദ്ര നിലപാട് വൈകുന്നു; തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയില്‍

പൂരം കൊടിയേറ്റത്തിന് 32 ദിവസം മാത്രം അവശേഷിക്കെ കേന്ദ്രം നിലപാട് വൈകിപ്പിക്കുന്നത് ആശങ്കാജനകമാണ് എന്നാണ് ദേവസ്വം പ്രതിനിധികൾ പറയുന്നത്

കേന്ദ്ര നിലപാട് വൈകുന്നു; തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയില്‍
കേന്ദ്ര നിലപാട് വൈകുന്നു; തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയില്‍

തൃശ്ശൂർ‌: കേന്ദ്ര നിലപാട് വൈകുന്ന സാഹചര്യത്തിൽ തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ. വെടിക്കെട്ട് സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ നടത്തിയ പെസോ നിയമ ഭേദഗതിയിൽ ഇളവ് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സഹമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ് ഗോപിയുടെ വകുപ്പിന് കീഴിലുള്ള പെസോയാണ് ഭേദഗതിയിൽ ഇളവ് നൽകേണ്ടത്. 2024 ഒക്ടോബർ മാസത്തിലാണ് വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്രസർക്കാർ പെസോ നിയമ ഭേദഗതി നടത്തിയത്.

നിയമഭേദഗതിയിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിനെ കണ്ട് നിവേദനം സമർപ്പിച്ചെങ്കിലും ഇതുവരെയും തീരുമാനമായിട്ടില്ല. പൂരം കൊടിയേറ്റത്തിന് 32 ദിവസം മാത്രം അവശേഷിക്കെ കേന്ദ്രം നിലപാട് വൈകിപ്പിക്കുന്നത് ആശങ്കാജനകമാണ് എന്നാണ് ദേവസ്വം പ്രതിനിധികൾ പറയുന്നത്. വെടിക്കെട്ടിന് അനുമതി ഇല്ലെങ്കിൽ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്നും ഇരു ദേവസ്വങ്ങളും വ്യക്തമാക്കി. മെയ് ആറിനാണ് ഇത്തവണ തൃശ്ശൂര്‍ പൂരം. എന്നാല്‍ പൂരം വെടിക്കെട്ടിന് ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല.

Also Read: സ്വകാര്യ വ്യക്തിയുടെ കിണറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വെടിക്കെട്ട് പുരയും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മില്‍ 200 മീറ്റര്‍ ദൂരം വേണമെന്നതാണ് പ്രധാന നിബന്ധന. ഫയര്‍ ലൈനില്‍ നിന്നും 100 മീറ്റര്‍ മാറിവേണം ആളുകള്‍ നില്‍ക്കാന്‍. കൂടാതെ 250 മീറ്റര്‍ പരിധിയില്‍ സ്‌കൂളുകളോ പെട്രോള്‍ പമ്പോ പാടില്ലെന്നും നിബന്ധനകളുണ്ട്. അതേസമയം, സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നുള്ള കാര്യങ്ങളിലെല്ലാം വ്യക്തത വന്നുവെന്നും അവലോകന യോഗങ്ങൾ തൃപ്തികരമാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പറഞ്ഞു.

Share Email
Top