ജ്യൂസ് ജാക്കിങ് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ജ്യൂസ് ജാക്കിങ് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

പൊതുസ്ഥലങ്ങളിലെ ചാര്‍ജിങ് പോയിന്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. വിമാനത്താവളങ്ങള്‍, കഫേകള്‍, ഹോട്ടലുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലെ ചാര്‍ജിങ് പോര്‍ട്ടലുകള്‍ ഉപയോഗിക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. യുഎസ്ബി ചാര്‍ജര്‍ തട്ടിപ്പുകള്‍ വ്യാപകമായതിനെ തുടര്‍ന്നുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സിയായ സേര്‍ട്ട്ഇനിന്റെ മുന്നറിയിപ്പ്. ചാര്‍ജിങ് പോയിന്റുകള്‍ വഴിയുള്ള സൈബറാക്രമണത്തെ ജ്യൂസ് ജാക്കിങ് എന്നാണ് വിളിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ള സൗജന്യ ചാര്‍ജിങ് പോയിന്റുകള്‍ വഴി ഉപകരണങ്ങളില്‍ നിന്ന് ഹാക്കര്‍മാര്‍ ഡാറ്റ ചോര്‍ത്തുന്ന രീതിയാണിത്. വിമാനത്താവളങ്ങള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, മാളുകള്‍ എന്നിവിടങ്ങളിലെ സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നു. ചാര്‍ജിംഗിനായുള്ള യുഎസ്ബി പോര്‍ട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിളും വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ഇവര്‍ ഉപയോഗിക്കും.

ചാര്‍ജിങിന് വേണ്ടി നല്‍കുന്ന യുഎസ്ബി പ്ലഗുകളില്‍ ഇതിനായി കൃത്രിമത്വം വരുത്തിയിട്ടുണ്ടാവാം. പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിള്‍ മറ്റാരോ മറന്നുവെച്ച രീതിയില്‍ ചാര്‍ജിങ് പോയിന്റുകളില്‍ വെച്ച് ഇവര്‍ മാറിയിരിക്കുന്നുണ്ടാവാം. ഈ ചാര്‍ജര്‍ കേബിളില്‍ ഉപകരണം ബന്ധിപ്പിച്ചാല്‍ ഹാക്കര്‍മാര്‍ക്ക് ഒരു ഇരയെ ലഭിക്കും. ചാര്‍ജിങിനും ഡാറ്റാ കൈമാറ്റത്തിനുമായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് ഒരേ കേബിള്‍ തന്നെയാണ്. ഈ സാധ്യതയാണ് കുറ്റവാളികള്‍ മുതലെടുക്കുന്നത്.

ഇതൊന്നും ഇല്ലാതെ തന്നെ ചാര്‍ജിങ് ബോര്‍ഡുകളിലെ ടൈപ്പ് എ ഫീമേല്‍ കണക്ടറുകളില്‍ യുഎസ്ബി കേബിള്‍ കണക്ട് ചെയ്ത് ഉപയോഗിക്കുമ്പോഴും സമാനമായ ഭീഷണിയുണ്ട്. കൃത്രിമം വരുത്തിയ അത്തരം കണക്ടറുകളില്‍ ഫോണ്‍ യുഎസ്ബി കേബിള്‍ വഴി ബന്ധിപ്പിക്കുന്നതും ഫോണ്‍ ഒരു കംപ്യൂട്ടറില്‍ ബന്ധിപ്പിക്കുന്നതും ഒരു പോലെയാവും. ഫോണിലേക്ക് കടന്നുകയറാന്‍ ഹാക്കര്‍ക്ക് ആ വഴി മാത്രം മതി.

Top