കല്‍പ്പറ്റ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചൂരല്‍മല – മുണ്ടക്കൈ ദുരിതബാധിതര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. പുനരധിവാസം വേഗത്തിലാക്കണമെന്നും അത് നമ്മുടെ ഉത്തരവാദിത്വം ആണെന്നും പ്രിയങ്ക പറഞ്ഞു. ദുരന്തം ഉണ്ടായപ്പോള്‍ എല്ലാവരും ഒന്നിച്ചു നിന്നു, ഈ യോജിപ്പ് രാഷ്ട്രീയത്തിലും കാണണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ദുരന്തബാധിതരെ സന്ദര്‍ശിച്ചിട്ടുണ്ട്. ആ മനുഷ്യരുടെ മുഖം ഓര്‍ക്കണമെന്ന് രണ്ടുപേരോടും താന്‍ അഭ്യര്‍ഥിക്കുകയാണ്. മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനെതിരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജിലും പ്രിയങ്ക ഗാന്ധി വിമര്‍ശനം ഉന്നയിച്ചു. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൃത്യമായ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് താന്‍ കത്തെഴുതും. കേന്ദ്രത്തിലും സമ്മര്‍ദം ചെലുത്തും. അതാവശ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തുവെന്നും എം പി വ്യക്തമാക്കി.
Also Read: മാധ്യമങ്ങൾക്കെതിരെ വീണ്ടും ഭീഷണിയുമായി കെ സുരേന്ദ്രൻ
വയനാട്ടിലേക്ക് വരുന്നത് സുരക്ഷിതമല്ലെന്നാണ് പുറത്തുനില്‍ക്കുന്നവര്‍ കരുതുന്നത്. ഇവിടെ വീണ്ടും ടൂറിസം വളര്‍ത്തണം. വയനാട് അത്ര സുന്ദരമാണെന്നും കാര്‍ഷികവൃത്തി, ഭക്ഷ്യ സുരക്ഷ എന്നിവയ്ക്കെല്ലാം മുന്‍ഗണന നല്‍കുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. രാത്രി യാത്രാ പ്രശ്നവും വന്യജീവി പ്രശ്നങ്ങളും തനിക്ക് അറിയാമെന്നും പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ബിജെപി വിഭജനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള്‍ ഐക്യത്തെക്കുറിച്ച് സംസാരിക്കുമെന്നും പ്രിയങ്ക ഗാന്ധി ജനങ്ങളോട് പറഞ്ഞു.