CMDRF

നിപ: സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ കർശന നിർദേശം

നിപ: സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ കർശന നിർദേശം
നിപ: സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ കർശന നിർദേശം

ഡൽഹി: കേരളത്തിൽ വീണ്ടും ഭീതിപടർത്തികൊണ്ട് ഒരു നിപ മരണം കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിന് കർശന നിർദേശങ്ങളുമായി കേന്ദ്രം. രോഗബാധിതരുടെ 12 ദിവസത്തെ സമ്പർക്കങ്ങൾ കണ്ടെത്തണം. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തെ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ നിയോഗിക്കും. സമ്പർക്കത്തിൽ വന്നവരെ അടിയന്തരമായി ക്വാറൻ്റീനിലേക്ക് മാറ്റണം. സാമ്പിൾ പരിശോധനയ്ക്ക് അയക്കണം. മോണോക്ലോണൽ ആന്റിബോഡി സംസ്ഥാനത്തിന്റെ അഭ്യർത്ഥന പ്രകാരം അയച്ചു നൽകി. 14 വയസ് പ്രായമുളള നിപ രോഗി മരിക്കും മുമ്പ് മോണോ ക്ലോണൽ ആൻ്റി ബോഡി എത്തിച്ചിരുന്നു. എന്നാൽ ആരോഗ്യ സ്ഥിതി മോശമായതിനാൽ നൽകാനായില്ല. മൊബൈൽ ബിഎസ്എൽ 3 ലബോറട്ടറി കോഴിക്കോട് എത്തിച്ചുവെന്നും കേന്ദ്രം വിശദീകരിച്ചു.

അതേസമയം, നിപ ബാധിച്ച് മലപ്പുറത്ത് മരണമടഞ്ഞ കുട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികള്‍ അർപ്പിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിപ വൈറസ് സംശയിച്ച സാഹചര്യത്തില്‍ കോണ്ടാക്ട് ട്രെയ്സിംഗ് ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 246 പേരും അതില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ 63 പേരുമാണ് നിലവിലുള്ളത്. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കും. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആവശ്യമായ അതിതീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ താല്ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വണ്ടൂര്‍, നിലമ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി.

Top