പ്രേക്ഷക പ്രശംസ നേടിയ ‘മന്ദാകിനി’ക്ക് ശേഷം അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്റ്’ നവംബർ 7-ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. സോഷ്യൽ മീഡിയയിലെ പ്രശസ്തനായ ടാൻസാനിയൻ താരം കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ ‘ഇന്നസെന്റ്’ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
സിനിമയ്ക്ക് ക്ലീൻ ‘യു’ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒരു ‘ടോട്ടൽ ഫൺ റൈഡ്’ ആയിരിക്കും ചിത്രമെന്ന് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ സൂചന നൽകുന്നു. സർക്കാർ ഓഫീസുകളിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ഒരു മുഴുനീള കോമഡി ചിത്രമാണിത്.
‘ഇന്നസെന്റ്’ ടീം റിലീസ് ദിനത്തിൽ ഒരു റെക്കോർഡ് നേടാനുള്ള ശ്രമത്തിലാണ്. 120 റിലീസ് തിയേറ്ററുകളിൽ ഒരേ സമയം മെഗാ കൈകൊട്ടിക്കളി നടത്തുന്നതിലൂടെ ‘ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ’ ഇടം നേടാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
Also Read: സ്ത്രീപീഡകർക്ക് നികുതിപ്പണത്തിൽ അവാർഡോ? പരിഹസിച്ച് ജോയ് മാത്യു
ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം തരംഗമായി കഴിഞ്ഞിട്ടുണ്ട്. കിലി പോൾ ഭാഗവതരായെത്തി ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന ഗാനത്തിന് ശാസ്ത്രീയ വേർഷൻ നൽകിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടാതെ, ഹനാൻ ഷായും നിത്യ മാമ്മനും പാടിയ ‘അതിശയം’ എന്ന ഗാനവും, രേഷ്മ രാഘവേന്ദ്ര ആലപിച്ച ‘അമ്പമ്പോ’ എന്ന് തുടങ്ങുന്ന നാടൻ ശൈലിയിലുള്ള ഗാനവും ഏറെ ശ്രദ്ധ നേടി.
ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എലമെന്റ്സ് ഓഫ് സിനിമ എന്റർടെയ്‌ൻമെന്റ്സിന്റെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിച്ച്, സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പ്രമുഖ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ‘എലമെന്റ്സ് ഓഫ് സിനിമ എന്റർടെയ്‌ൻമെന്റ്സിന്റെ’ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.












