ചേർത്തല താലൂക്ക് ഓഫീസ് സീലിങ് തകർന്നുവീണു; ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മുൻപും ഈ കെട്ടിടത്തിൽ സമാനരീതിയിൽ കോൺക്രീറ്റ് പാളികൾ അടർന്നുവീണിട്ടുണ്ട്

ചേർത്തല താലൂക്ക് ഓഫീസ് സീലിങ് തകർന്നുവീണു; ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ചേർത്തല താലൂക്ക് ഓഫീസ് സീലിങ് തകർന്നുവീണു; ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചേർത്തല: ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ കോൺക്രീറ്റ് സീലിങ് അടർന്നുവീണ് അപകടം. ലാൻഡ് റവന്യൂ തഹസിൽദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനിൽ ബുധനാഴ്ച (നവംബർ 4) രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കമ്പ്യൂട്ടറുകൾക്കും ഫയലുകൾക്കും മുകളിലേക്ക് വലിയ കോൺക്രീറ്റ് പാളികൾ തകർന്നുവീണെങ്കിലും ജീവനക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടത്തിന് മുകളിലെ വലിയ വാട്ടർ ടാങ്കിൽ നിന്നുള്ള വെള്ളച്ചോർച്ച മൂലം കോൺക്രീറ്റ് ദ്രവിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മുൻപും ഈ കെട്ടിടത്തിൽ സമാനരീതിയിൽ കോൺക്രീറ്റ് പാളികൾ അടർന്നുവീണിട്ടുണ്ട്. തുടർച്ചയായി അപകടങ്ങളുണ്ടായിട്ടും കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് ജീവനക്കാർക്കിടയിൽ പ്രതിഷേധമുണ്ട്. ദിവസേന നൂറുകണക്കിന് പൊതുജനങ്ങൾ എത്തുന്ന ഓഫീസ് കെട്ടിടത്തിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നും അപകടാവസ്ഥയിലുള്ള വാട്ടർ ടാങ്ക് മാറ്റിസ്ഥാപിക്കണമെന്നുമാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

Also Read: സാധാരണക്കാരന് ഇരുട്ടടി; സംസ്ഥാനത്ത് അരിയും പലവ്യഞ്ജനങ്ങളും പൊള്ളുന്ന വിലയിലേക്ക്!

അതേസമയം, താലൂക്ക് ഓഫീസിനായി പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പി. പ്രസാദ് എം.എൽ.എ അറിയിച്ചു. മുൻ സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ച പദ്ധതിയുടെ ഡിസൈനിൽ വരുത്തിയ ചില തിരുത്തലുകൾ മൂലമാണ് നിർമാണം വൈകിയതെന്നും ഇത് പൂർത്തിയാകുന്നതോടെ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 100 വർഷത്തിലധികം പഴക്കമുള്ള നിർമിതിയായതിനാൽ നിലവിലെ പഴയ കെട്ടിടം നിലനിർത്തണോ പൊളിച്ചുനീക്കണോ എന്ന കാര്യത്തിൽ പി.ഡബ്ല്യു.ഡി ആർക്കിടെക്റ്റിന്റെ പരിശോധനയ്ക്ക് ശേഷമേ അന്തിമ തീരുമാനമെടുക്കൂ.

Share Email
Top