ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്! 7 പ്രതികൾ പോലീസ് കസ്റ്റഡിയിൽ

ബിനുവിന് രക്തസമ്മർദ്ദം വളരെ കൂടുതലാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ്, ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചുകൊണ്ട് മാത്രമേ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാവൂ എന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കിയത്.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്! 7 പ്രതികൾ പോലീസ് കസ്റ്റഡിയിൽ
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്! 7 പ്രതികൾ പോലീസ് കസ്റ്റഡിയിൽ

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും ആക്രമിച്ച കേസിൽ മുഖ്യപ്രതിയും സിപിഎം നേതാവുമായ ഐ.പി. ബിനു ഉൾപ്പെടെ ഏഴ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസിന് കൈമാറിയത്. കസ്റ്റഡി കാലാവധിയിൽ ഐ.പി. ബിനുവിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ബിനുവിന് രക്തസമ്മർദ്ദം വളരെ കൂടുതലാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ്, ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചുകൊണ്ട് മാത്രമേ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാവൂ എന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കിയത്.

ഐ.പി. ബിനുവിന് പുറമെ രേവന്ത്, ലെനിൻ രാജ്, ജി.ആർ. നന്ദു, രാഹുൽ രാജൻ, രാഹുൽ, വൈശാഖ് എന്നിവരെയാണ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. എക്സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വസതിയിൽ ഇ.ഡി സംഘം പരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു തലസ്ഥാനത്ത് വൻ സംഘർഷം അരങ്ങേറിയത്. ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ഇ.ഡി വാഹനങ്ങളുടെ ചില്ലുകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകളാണ് മ്യൂസിയം പോലീസ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തിന്റെ ആസൂത്രണത്തെക്കുറിച്ചും അക്രമത്തിൽ പങ്കെടുത്ത മറ്റ് പ്രതികളെക്കുറിച്ചും വ്യക്തത വരുത്താൻ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യും.

Share Email
Top