നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി 6 വർഷത്തിന് ശേഷം പിടിയിൽ

തഞ്ചാവൂരിനടുത്തുള്ള കോരടച്ചേരിയിൽ നിന്ന് പാലക്കാട് ടൗൺ നോർത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്

നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി 6 വർഷത്തിന് ശേഷം പിടിയിൽ
നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി 6 വർഷത്തിന് ശേഷം പിടിയിൽ

പാലക്കാട് നാലുവയസ്സുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച കേസിലെ മുഖ്യപ്രതി ആറുവർഷത്തിനുശേഷം പിടിയിൽ. തമിഴ്നാട് തിരുവള്ളൂർ പടിയനല്ലൂർ സ്വദേശിയായ സുരേഷ് (റഹീം – 38) ആണ് പിടിയിലായത്. 2019 ജനുവരി 15-നാണ് നാടിനെ ഞെട്ടിച്ച ഈ കൊലപാതകം നടക്കുന്നത്.

തഞ്ചാവൂരിനടുത്തുള്ള കോരടച്ചേരിയിൽ നിന്ന് പാലക്കാട് ടൗൺ നോർത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കേസിൽ ഒളിവിലുള്ള മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. റെയിൽവേ പാളത്തിനരികിൽ ചാക്കിലാക്കിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇത് കൊലപാതകമാണെന്ന് വ്യക്തമായത്. ഒലവക്കോട് ആർ.പി.എഫ്. സ്റ്റേഷനിലെ അന്നത്തെ ഹെഡ് കോൺസ്റ്റബിൾ കെ.കെ. സൂരജ് നൽകിയ നിർണായക വിവരമാണ് കേസിൽ വഴിത്തിരിവായത്. പ്രദേശത്ത് ഭിക്ഷാടന സംഘത്തിനൊപ്പം കുട്ടിയുണ്ടായിരുന്നുവെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

Also Read:വിവാഹമോചന കേസ് കൊടുത്തതിലുള്ള വൈരാഗ്യം! ഭാര്യയെയും മക്കളെയും നടുറോഡിൽ ആക്രമിച്ചയാൾ പിടിയിൽ

സുരേഷും സത്യയും ചേർന്ന് കുട്ടിയെ പീഡിപ്പിക്കുകയും, കുട്ടി നിലവിളിച്ചപ്പോൾ വായ പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു. മരണം ഉറപ്പാക്കാൻ കുട്ടിയുടെ കാലുറകൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയും ചെയ്തു. തുടർന്ന് പ്രതികളെല്ലാം ചേർന്ന് മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കുകയായിരുന്നു.

2020-ൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ഇവരെ 2023-ൽ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. നിരന്തരം സിംകാർഡുകളും ഫോണുകളും മാറ്റിയും പലയിടങ്ങളിലായി അലഞ്ഞുതിരിഞ്ഞും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്താൻ പോലീസിന് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. ചെന്നൈ, തഞ്ചാവൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽ പ്രതിയെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് തഞ്ചാവൂരിൽ നിന്ന് ഇയാളെ പിടികൂടാനായത്. ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർമാരായ ബി. പ്രമോദ്, അജയ് എസ്.മേനോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Share Email
Top