മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. വടകര സ്വദേശിയായ മുഹമ്മദ് ഷമ്മാസിനെതിരെയാണ് കാസർകോട് വിദ്യാനഗർ പൊലീസ് കേസെടുത്തത്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32 വയസ്സുകാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. മാട്രിമോണിയൽ സൈറ്റിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതി, പിന്നീട് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു.
പീഡനത്തിന് പുറമെ യുവതിയിൽ നിന്ന് എട്ടര ലക്ഷത്തോളം രൂപ ഇയാൾ കൈക്കലാക്കിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പണവും കൈപ്പറ്റിയ ശേഷം വിവാഹ ബന്ധത്തിൽ നിന്ന് മുഹമ്മദ് ഷമ്മാസ് തന്ത്രപൂർവ്വം ഒഴിഞ്ഞുമാറുകയായിരുന്നു. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. നിലവിൽ ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും വിദ്യാനഗർ പൊലീസ് അറിയിച്ചു.






