ഇന്ത്യൻ വാഹന വിപണി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി 2026 സാമ്പത്തിക വർഷം പൂർത്തിയാക്കി. പോയ വർഷം 2.96 കോടി യൂണിറ്റുകളുടെ വിൽപനയാണ് രാജ്യം രേഖപ്പെടുത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ പത്ത് ശതമാനത്തോളം വർധനവുണ്ടായതായി ഫെഡറേഷൻ ഓഫ് ഓട്ടമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
വിവിധ വിഭാഗങ്ങളിലെ വിൽപന ഇങ്ങനെ
ഇരുചക്ര വാഹനങ്ങൾ: കോവിഡിന് മുൻപുള്ള പ്രതാപത്തിലേക്ക് വിപണി തിരിച്ചെത്തി. 13.40 ശതമാനം വളർച്ചയോടെ 2.14 കോടി യൂണിറ്റുകളാണ് വിറ്റഴിച്ചത്. ജിഎസ്ടിയിലെ കുറവും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ കരുത്തും പുതിയ മോഡലുകളുടെ വരവുമാണ് ഇതിന് സഹായിച്ചത്.
കാറുകൾ: പാസഞ്ചർ വാഹന വിപണി ആദ്യമായി 47 ലക്ഷം യൂണിറ്റുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. എസ്‌യുവികളോടുള്ള താൽപ്പര്യവും ഇലക്ട്രിക്/ഹൈബ്രിഡ് വാഹനങ്ങളിലേക്കുള്ള മാറ്റവുമാണ് 13 ശതമാനം വളർച്ചയ്ക്ക് കാരണമായത്.
Also Read:ബസ് ഉടമകൾക്ക് ആശ്വാസം; അംഗീകാരമില്ലാത്ത ക്യാമറകൾ മാറ്റാനുള്ള നടപടി നീട്ടിവെച്ചു
ട്രാക്ടറുകൾ: ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത് ട്രാക്ടർ വിപണിയിലാണ് (19%). ചരിത്രത്തിലാദ്യമായി വിൽപന പത്ത് ലക്ഷം യൂണിറ്റ് കടന്നു (10,50,077 യൂണിറ്റുകൾ).
വാണിജ്യ വാഹനങ്ങൾ: അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സജീവമായതോടെ വാണിജ്യ വാഹന വിപണിയും ആദ്യമായി പത്ത് ലക്ഷം എന്ന കടമ്പ കടന്നു. 11.74 ശതമാനമാണ് ഈ വിഭാഗത്തിലെ വളർച്ച.
മുച്ചക്ര വാഹനങ്ങൾ: തുടർച്ചയായ മൂന്നാം വർഷവും റെക്കോർഡ് വിൽപന തുടരുന്നു. ഇതിൽ 60 ശതമാനത്തിലധികവും വൈദ്യുത വാഹനങ്ങളാണെന്നത് ശ്രദ്ധേയമാണ്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)






