കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ബ്രസീലിനെതിരെ ഇന്ത്യ നടത്തിയ ചെറുത്തുനിൽപ്പ് ഫുട്ബോൾ ലോകത്തിൻ്റെ ശ്രദ്ധയാകർഷിക്കുന്നു. ലോക ഫുട്ബോളിലെ വമ്പൻമാരായ ബ്രസീലിനെതിരെ മികച്ച പോരാട്ടവീര്യമാണ് ഇന്ത്യൻ ടീം കാഴ്ചവെച്ചത്. മത്സരത്തിൽ 4-0 എന്ന സ്കോറിനാണ് ബ്രസീൽ വിജയം കണ്ടതെങ്കിലും, മത്സരത്തിൻ്റെ തുടക്കത്തിൽ ബ്രസീലിയൻ മുന്നേറ്റങ്ങളെ കൃത്യമായ പ്രതിരോധത്തിലൂടെ തടഞ്ഞുനിർത്താൻ നീലപ്പടയ്ക്ക് സാധിച്ചിരുന്നു.
മത്സരത്തിൻ്റെ ആദ്യ 27 മിനിറ്റോളം ബ്രസീലിനെ ഗോളടിക്കാൻ അനുവദിക്കാതെ ഇന്ത്യ നടത്തിയ ചെറുത്തുനിൽപ്പിനെ ബ്രസീലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രത്യേകമായി പ്രശംസിച്ചു. 28-ാം മിനിറ്റിൽ എസ്തേവാവോയിലൂടെയാണ് ബ്രസീൽ ആദ്യ ഗോൾ കണ്ടെത്തിയത്. തുടർന്ന് പെഡ്രോയും സാമുവൽ ലിനോയും കൂടെക്കൂടി ലീഡ് ഉയർത്തിയെങ്കിലും, ഇന്ത്യൻ താരങ്ങൾ അവസാന നിമിഷം വരെ പൊരുതി നോക്കിയതായി ആഞ്ചലോട്ടി വ്യക്തമാക്കി. കൊൽക്കത്തയിലെ ആവേശഭരിതമായ ആരാധകരുടെ പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.
Also Read: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അവസാന കുതിപ്പ്..! 21 സ്വർണവുമായി നാലാം സ്ഥാനത്ത്, ഇന്ന് കൊടിയിറക്കം
മത്സരത്തിനിടയിൽ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിനെ പിൻവലിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീൽ മറുപടി നൽകി. രാജ്യത്തിനായി 90-ാം മത്സരം കളിച്ച ഗുർപ്രീതിനെ മാത്രം ഒറ്റപ്പെടുത്തി കുറ്റപ്പെടുത്താനാകില്ലെന്നും, അതൊരു കൂട്ടായ വീഴ്ചയായിരുന്നുവെന്നും ജമീൽ വ്യക്തമാക്കി. ലോകോത്തര താരങ്ങൾക്കെതിരായ ഇത്തരത്തിലുള്ള മത്സരങ്ങൾ കളിക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരശേഷം ബ്രസീൽ പരിശീലകൻ തനിക്ക് നൽകിയ പ്രോത്സാഹന വാക്കുകളും ജമീൽ മാധ്യമങ്ങളോട് പങ്കുവെച്ചു.






