കോഴിക്കോട് ചാത്തമംഗലത്ത് പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ വൻ ലഹരിമരുന്ന് വേട്ട. വിപണിയിൽ അരലക്ഷത്തോളം രൂപ വിലമതിക്കുന്ന 11.90 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരാണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്. പേരാമ്പ്ര സ്വദേശി അഫ്‌നാസ് (27), പാലക്കാട് എടത്തനാട്ടുകര സ്വദേശി റിൻഷാ ഫാത്തിമ (23) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
എൻഐടിയിലെ ‘തത്വ’ ആഘോഷങ്ങളുടെ ഭാഗമായി നടന്ന വാഹനപരിശോധനയ്ക്കിടെ പോലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച കാറിനെ പിന്തുടർന്നാണ് പ്രതികളെ പിടികൂടിയത്. എൻഐടി മെഗാ ഹോസ്റ്റലിന് സമീപത്തെ അപ്പാർട്ട്‌മെന്റ് പാർക്കിംഗിൽ വാഹനം തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ഒന്നിലധികം ക്രിമിനൽ കേസുകളിൽ പ്രതികളായ ഇരുവരും വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താനാണ് എംഡിഎംഎ എത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി.






