എണ്ണ തേച്ചാൽ മുടി വളരുമെന്നാണ് നമ്മൾ പഠിച്ചിട്ടുള്ളതല്ലെ, ഈ ഒരു ധാരണ അടിസ്ഥാനമാക്കി എണ്ണിയാലൊടുങ്ങാത്തത്ര ഹെയർ ഓയിൽ ബ്രാൻഡുകളാണ് വിപണികളിലുള്ളത്. ഹെയർ ഓയിലുകളുടെ പരസ്യം കണ്ടാൽ എണ്ണ ഇല്ലാഞ്ഞിട്ടാണ് മുടിയില്ലാത്തതെന്ന് നമുക്ക് തോന്നും, എന്നാൽ അത് വാങ്ങി തേച്ചാൽ ഒട്ട് വളരുകയുമില്ല. മുടിയുടെ വളർച്ച എണ്ണയിൽ മാത്രമല്ല, അതിന് മറ്റ് ഒരുപാട് ഘടകൾ വേറെയുണ്ട്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ നല്ല തലമുടി വളരുകയുള്ളൂ.
മുടിയുടെ നീളവും തരവും ജനിതകവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിന്റെ താപനില കൂടിയിരിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. ശരീരത്തെ തണുപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണശീലം മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കും. മസാലയുള്ളതും പുളിരസം കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ കുറയ്ക്കണം. എണ്ണയിൽ വറുത്ത ആഹാരങ്ങൾ ശരീരം ജലം സ്വീകരിക്കുന്നതിലും ദഹനത്തിലും കുറവ് വരുത്തുകയും ചെയ്യും. ഇത് മുടിയെ ബാധിക്കും.

Also Read: ‘മോകാ മൂസ്സ്’ കളർ ഓഫ് ദ ഇയർ
ഓയിൽ മസാജ് മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. മുടി വളരാനും കൊഴിച്ചിൽ നിർത്താനും ഇതേറെ ഗുണകരവുമാണ്. പാരമ്പര്യമായി മുടിയുടെ പ്രശ്‌നങ്ങൾക്കുള്ള സംരക്ഷണവഴികളിൽ പെടുന്ന ഒന്നാണ് ഓയിൽ മസാജ്. ഓയിൽ മസാജ് മുടിയ്ക്കു നൽകുന്ന ഗുണങ്ങൾ പലതാണ്. പ്രത്യേകിച്ചും വരണ്ട മുടിയിൽ. തലയിൽ വിയർപ്പ് പറ്റിപ്പിടിച്ചിരുന്ന് ഉണ്ടാകുന്ന താരൻ മുടിയുടെ മുഖ്യ ശത്രുവാണ്.
മുടി വൃത്തിയായി സൂക്ഷിക്കാൻ സ്ഥിരമായി എണ്ണ ഉപയോഗിക്കുകയും ഷാംപൂ ചെയ്യുകയും വേണം. സ്ഥിരമായി എണ്ണ തേയ്ക്കുന്നത് താരൻ അകറ്റി നിർത്താൻ സഹായിക്കും. മുടിയുടെ സ്വഭാവം അനുസരിച്ചുള്ള ആയുർവേദ എണ്ണകൾ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. സ്ഥിരമായി എണ്ണ ഉപയോഗിക്കാൻ സമയം ലഭിക്കാത്തവർ ആഴ്ചയിൽ ഒരിക്കലെങ്കിലും എണ്ണ തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച ശേഷം ഷാംപൂ ചെയ്യണം.

Also Read: അറിയാമോ ആര്‍ത്തവ സമയത്ത് വിഷാദം ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍
ഇരുമ്പ് സത്ത്, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. പച്ചനിറം കൂടുതലുള്ള പച്ചക്കറികൾ, ധാന്യങ്ങൾ ഇവ കഴിക്കാം. ബദാം പരിപ്പ് വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുന്നതും നല്ലതാണ്. അതേസമയം, രാത്രി മുഴുവൻ എണ്ണ പുരട്ടി കിടക്കുന്നത് കൊണ്ട് മുടിയ്ക്ക് പ്രത്യേകിച്ച ഗുണങ്ങളൊന്നും തന്നെ ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം. കുളിയ്ക്കുന്നതിന് ഒരു മണിക്കൂർ മുൻപ് മാത്രം മുടിയിൽ എണ്ണ പുരട്ടിയാൽ മതിയാകും. രാത്രി മുഴുവൻ തലയിൽ എണ്ണ പുരട്ടി കിടക്കുന്നത് പൊതുവേ ജലദോഷം വർദ്ധിയ്ക്കാൻ ഇടയാക്കും.