വിദ്യാര്‍ത്ഥിയെ കബളിപ്പിച്ചു; ബൈജുസ് ആപ്പ് അര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് പിഴ ശിക്ഷ സംബന്ധിച്ച ഉത്തരവിറക്കിയത്.

വിദ്യാര്‍ത്ഥിയെ കബളിപ്പിച്ചു; ബൈജുസ് ആപ്പ് അര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
വിദ്യാര്‍ത്ഥിയെ കബളിപ്പിച്ചു; ബൈജുസ് ആപ്പ് അര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

കൊച്ചി: വിദ്യാര്‍ത്ഥിയെ കബളിപ്പിച്ച കേസില്‍ ബൈജൂസ് ആപ്പിന് 50,000 രൂപ പിഴ. എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് പിഴ ശിക്ഷ സംബന്ധിച്ച ഉത്തരവിറക്കിയത്. എറണാകുളം സ്വദേശിയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പിതാവുമായ സ്റ്റാലിന്‍ ഗോമസ് സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

എതിര്‍കക്ഷി നല്‍കിയ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചാണ് പതിനാറായിരം രൂപ നല്‍കി മകന് വേണ്ടി ലേണിങ് ആപ്പില്‍ ചേര്‍ന്നത്. മൂന്ന് ട്രയല്‍ ക്ലാസുകളില്‍ വിദ്യാര്‍ഥി തൃപ്തനായില്ലെങ്കില്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കും എന്നായിരുന്നു എതിര്‍കക്ഷിയുടെ വാഗ്ദാനം. പരാതിക്കാരന് ചുരുങ്ങിയ സമയം നല്‍കി ബൈജുസ് ട്രെയല്‍ ക്ലാസ് തീരുമാനിച്ചതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സേവനം തൃപ്തികരമല്ലെങ്കില്‍ പണം തിരിച്ചു നല്‍കാന്‍ തയ്യാറാണെന്ന് എതിര്‍കക്ഷി പരാതിക്കാരന് ഉറപ്പു നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ പല പ്രാവശ്യം നേരിട്ടും ഫോണ്‍ മുഖാന്തരവും എതിര്‍കക്ഷിയെ സമീപിച്ചുവെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ല.

Also Read: പാമോയിൽ ഇറക്കുമതി താഴ്ന്ന നിലയിൽ

തുടര്‍ന്നാണ് നഷ്ടപരിഹാരവും കോടതി ചെലവും ഫീസായി അടച്ച 16,000 രൂപയും തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. വാഗ്ദാനം ചെയ്ത പോലെ വിദ്യാര്‍ഥിയില്‍ നിന്നും വാങ്ങിയ തുക തിരിച്ചു നല്‍കാതിരിക്കുന്നത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് അഭിപ്രായപ്പെട്ട ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച്, ഫീസായി നല്‍കിയ 16,000 രൂപയും 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവ് 45 ദിവസത്തിനകം പരാതിക്കാര്‍ക്ക് നല്‍കണമെന്ന് എതിര്‍കക്ഷിക്ക് ഉത്തരവ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ. മിഷേല്‍ എം ദാസന്‍ കോടതിയില്‍ ഹാജരായി.

Share Email
Top