മോദിയെയും രാഹുലിനെയും പൊതുസംവാദത്തിന് ക്ഷണിച്ച് റിട്ട. ജഡ്ജിമാര്‍

മോദിയെയും രാഹുലിനെയും പൊതുസംവാദത്തിന് ക്ഷണിച്ച് റിട്ട. ജഡ്ജിമാര്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയേയും പൊതുസംവാദത്തിന് ക്ഷണിച്ച് റിട്ട. ജഡ്ജിമാര്‍. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.പി. ഷാ എന്നിവരാണ് ഇരുവര്‍ക്കും കത്തയച്ചത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാമും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

സംവാദത്തിനുള്ള ക്ഷണം പക്ഷപാതരഹിതമായാണെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പകുതി പിന്നിട്ടുകഴിഞ്ഞു. ഇതുവരെ ഭരണകക്ഷിയായ ബി.ജെ.പിയും പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസും ജനാധിപത്യത്തെക്കുറിച്ച് പ്രധാനപ്പെട്ട പല ചോദ്യങ്ങളും ഉന്നയിച്ചു കഴിഞ്ഞു. സംവരണം, 370-ാം വകുപ്പ്, സമ്പത്ത് പുനര്‍വിതരണം എന്നീ കാര്യങ്ങളില്‍ പ്രധാനമന്ത്രി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിട്ടുണ്ട്. ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം, ഇലക്ടറൽ ബോണ്ട്, ചൈനയോടുള്ള സര്‍ക്കാരിന്റെ പ്രതികരണം എന്നിവയില്‍ പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പ്രകടനപത്രികകളെക്കുറിച്ചും ഇരുഭാഗവും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, പൊതുസമൂഹത്തിന്റെ ഭാഗമായ തങ്ങള്‍ ഇതുവരെ ചില ആരോപണങ്ങളും വെല്ലുവിളികളും മാത്രമാണ് കേട്ടിട്ടുള്ളതെന്നും അര്‍ഥവത്തായ പ്രതികരണങ്ങള്‍ കണ്ടില്ലെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

പക്ഷപാതരഹിതവും വാണിജ്യതാത്പര്യങ്ങളില്ലാത്തതുമായ വേദികളില്‍ നടക്കുന്ന സംവാദങ്ങളുടെ ഗുണഭോക്താക്കള്‍ പൗരന്മാരാണ്. ഇരുഭാഗത്തിന്റേയും ചോദ്യങ്ങള്‍ മാത്രമല്ല, പ്രതികരണങ്ങളും കേള്‍ക്കുന്നത് മാതൃകാപരമായിരിക്കും. ഇത് ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തും. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന, ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന നിലയില്‍ ഇത്തരമൊരു ശ്രമത്തിന് വലിയ പ്രധാന്യമുണ്ട്. പൊതുസംവാദം മാതൃകാപരമായ കീഴ്വഴക്കം സൃഷ്ടിക്കും. ആരോഗ്യകരവും ഊര്‍ജസ്വലവുമായ ജനാധിപത്യത്തിന്റെ ശരിയായ ചിത്രം ഇത് ഉയര്‍ത്തിക്കാട്ടുമെന്നും കത്തില്‍ പറയുന്നു. സംവാദത്തിന്റെ വേദി, സമയദൈര്‍ഘ്യം, മോഡറേറ്റര്‍, ഫോര്‍മാറ്റ് എന്നിവ ഇരുഭാഗത്തിനും സ്വീകാര്യമായ തരത്തിലാവാം. നേതാക്കള്‍ക്ക് നേരിട്ട് പങ്കെടുക്കാന്‍ കഴിയില്ലെങ്കില്‍ സംവാദത്തിന് പ്രതിനിധികളെ അയക്കാവുന്നതാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

Top