മുംബൈ: മധ്യപ്രദേശിലെ സെഹോറിൽ വ്യവസായിയും ഭാര്യയും മരിച്ച നിലയിൽ. മനോജ് പർമർ, ഭാര്യ നേഹ പർമർ എന്നിവരെയാണു വീട്ടിലെ സീലിങ് ഫാനുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് കാരണം ഇ.ഡിയുടെ വേട്ടയാണെന്നാണ് കോൺഗ്രസ് ആക്ഷേപം. സെഹോറിലും ഇൻഡോറിലുമുള്ള മനോജിന്റെ വസ്തുക്കളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് ഞെട്ടിക്കുന്ന സംഭവം.
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്കിടയിൽ പാർമർ – നേഹ ദമ്പതികളുടെ മക്കൾ അവരുടെ സമ്പാദ്യ കുടുക്ക രാഹുലിന് കൈമാറിയത് വാർത്തയായിരുന്നു. ഇവരുടെ വീട്ടിൽ ഇ.ഡി പലവട്ടം പരിശോധന നടത്തിയിരുന്നു. ഇതേ തുടർന്ന് ദമ്പതികൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
Also Read: ‘പ്രതിഷേധം കത്തുന്നു’ അല്ലു അർജ്ജുന്റെ അറസ്റ്റിൽ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കെ.ടി രാമറാവു
റെയ്ഡുകളിൽ ഇ.ഡി ഇവരുടെ നിരവധി സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ കണ്ടുകെട്ടുകയും 3.5 ലക്ഷം രൂപയുടെ ബാങ്ക് ബാലൻസ് മരവിപ്പിക്കുകയും ചെയ്തിരുന്നു. ദേശസാൽകൃത ബാങ്കുമായി ബന്ധപ്പെട്ട് 6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലും മനോജിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നും പാർമറുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചെങ്കിലും ഉള്ളടക്കം ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.