ദുബായ്: യാത്രക്കാരുടെ ആവശ്യാനുസരണം ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ സാധിക്കുന്ന ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ.) പ്രശസ്തമായ ‘ബസ് ഓൺ ഡിമാൻഡ്’ സേവനം പുതിയ മൂന്ന് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. അൽ ഖൂസ്, സത്വ, മിർദിഫ് എന്നീ പ്രധാന പ്രദേശങ്ങളിലാണ് ഈ പുതിയ സംവിധാനം നിലവിൽ വന്നിരിക്കുന്നത്. യാത്രക്കാർക്ക് ടാക്സികളെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കി കുറഞ്ഞ ചെലവിൽ നഗരത്തിനുള്ളിലെ ചെറിയ ദൂരങ്ങൾ സുഗമമായി താണ്ടാൻ ഈ സേവനം സഹായിക്കും.
ഈ പുതിയ പ്രദേശങ്ങളിൽ തുടക്കമെന്ന നിലയിൽ യാത്രക്കാർക്ക് രണ്ടാഴ്ചത്തേക്ക് യാതൊരുവിധ പരിമിതികളുമില്ലാതെ തികച്ചും സൗജന്യമായി യാത്ര ചെയ്യാം. സത്വയിലും മിർദിഫിലും ഈ മാസം 23 വരെയും, അൽ ഖൂസിൽ ഈ മാസം 16 വരെയുമാണ് സൗജന്യ യാത്രാസൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ അഞ്ചു മുതൽ അർധരാത്രി വരെയും, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ അഞ്ചു മുതൽ പുലർച്ചെ ഒരു മണി വരെയും, ഞായറാഴ്ചകളിൽ രാവിലെ എട്ടു മുതൽ അർധരാത്രി വരെയുമാണ് സർവീസ് സമയം ക്രമീകരിച്ചിരിക്കുന്നത്. സാധാരണ ദിവസങ്ങളിൽ അഞ്ച് ദിർഹമാണ് നിരക്കെങ്കിലും, പ്രത്യേക റൂട്ടുകളിൽ രണ്ട് ദിർഹം മുതൽ ഈ സേവനം ലഭ്യമാണ്.
Also Read: കെട്ടിട നിർമാണ പെർമിറ്റുകൾ ഇനി മിനിറ്റുകൾക്കകം; വൻ മാറ്റവുമായി ദുബായ് മുനിസിപ്പാലിറ്റി
ആപ്പിൾ അല്ലെങ്കിൽ ആൻഡ്രോയ്ഡ് സ്റ്റോറുകളിൽ നിന്ന് ‘ദുബായ് ബസ് ഓൺ ഡിമാൻഡ്’ ആപ്പ് ഡൗൺലോഡ് ചെയ്ത് വളരെ എളുപ്പത്തിൽ യാത്രാ ബുക്കിംഗ് നടത്താം. മൊബൈൽ നമ്പർ നൽകി ഒ.ടി.പി വഴി ലോഗിൻ ചെയ്ത്, കയറേണ്ട സ്ഥലവും ഇറങ്ങേണ്ട സ്ഥലവും മാപ്പിൽ നൽകി ബുക്കിംഗ് സ്ഥിരീകരിക്കാം. യാത്ര പൂർത്തിയാകുമ്പോൾ നോൽ കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ച് പണം നൽകാനുള്ള സൗകര്യവുമുണ്ട്. അൽ ബർഷ, ബിസിനസ് ബേ, ഡൗൺടൗൺ ദുബായ്, ദുബായ് സിലിക്കൺ ഒയാസിസ് തുടങ്ങി ഒട്ടനവധി പ്രധാന കേന്ദ്രങ്ങളിൽ ഇതിനോടകം ഈ സേവനം വിജയകരമായി പ്രവർത്തിച്ചുവരുന്നുണ്ട്.






