കോഴിക്കോട്: യാത്രയ്ക്കിടെ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്നാരോപിച്ച് യുവതി കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്തു. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസമാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിനു നേരെയാണ് ആക്രമണമുണ്ടായത്. സ്റ്റോപ്പില്ലാത്ത ഇടത്ത് ബസ് നിർത്താൻ കഴിയില്ലെന്ന് ജീവനക്കാർ വ്യക്തമാക്കിയതോടെ പ്രകോപിതയായ യുവതി ബസിനുള്ളിലെ ഗ്ലാസ് ബ്രേക്കിങ് ഹാമർ ഉപയോഗിച്ച് മുൻവശത്തെ ചില്ല് തകർക്കുകയായിരുന്നു.
Also Read: സൂപ്പർമാർക്കറ്റ് ഉടമയെ മർദിച്ച കേസ്; അച്ഛനും മകനും പിടിയിൽ
മിംസ് ആശുപത്രിക്ക് സമീപം ബസ് എത്തിയപ്പോൾ ഇവിടെ ഇറങ്ങണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ സൂപ്പർഫാസ്റ്റ് ബസിന് അവിടെ സ്റ്റോപ്പില്ലാത്തതിനാൽ വാഹനം നിർത്താൻ കഴിയില്ലെന്ന് ഡ്രൈവറും കണ്ടക്ടറും അറിയിച്ചു. ഇതോടെ ജീവനക്കാരുമായി യുവതി വാക്കേറ്റത്തിലേർപ്പെടുകയും ബഹളം വെക്കുകയും ചെയ്തു. തർക്കത്തിനിടെ യുവതി തന്റെ മൊബൈൽ ഫോണിൽ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്താനും ശ്രമിച്ചു. വാഹനം നിർത്താൻ ആവശ്യപ്പെട്ട് ഇംഗ്ലീഷിൽ സംസാരിക്കുന്നതും ജീവനക്കാർ നിയമം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വാക്കേറ്റം മുറുകുന്നതിനിടെയാണ് ബസിനുള്ളിൽ അടിയന്തര സാഹചര്യങ്ങളിൽ ചില്ല് തകർക്കാൻ സൂക്ഷിച്ചിരുന്ന ഹാമർ ഉപയോഗിച്ച് യുവതി മുൻവാതിലിന്റെ ചില്ല് അടിച്ചുതകർത്തത്. യാത്രക്കാർ നോക്കിനിൽക്കെയായിരുന്നു യുവതിയുടെ ഈ അപ്രതീക്ഷിത നീക്കം. ചില്ല് തകർന്നതോടെ ജീവനക്കാർ ബസ് നേരെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.
Also Read: പുതുക്കാട് പെൺകുട്ടിക്ക് നേരെ അതിക്രമം; പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി
സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരും യുവതിയും പോലീസിന് മൊഴി നൽകി. ബസിനുണ്ടായ നാശനഷ്ടങ്ങൾക്ക് പകരമായി നിശ്ചിത തുക നഷ്ടപരിഹാരമായി നൽകാമെന്ന് യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ ഉറപ്പിന്മേൽ യുവതിയെ വിട്ടയച്ചതായാണ് പോലീസ് നൽകുന്ന വിവരം. മൂന്ന് ദിവസം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പൊതുമുതൽ നശിപ്പിച്ച യുവതിയുടെ നടപടിക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.






