കൊച്ചിയിൽ ബസ് ജീവനക്കാരുടെ ഗുണ്ടായിസം; മത്സര ഓട്ടം ചോദ്യം ചെയ്ത യാത്രക്കാരന്റെ മൂക്ക് ഇടിച്ചുതകർത്തു, കണ്ടക്ടർ അറസ്റ്റിൽ

പരിക്കേറ്റ എൻപീസ് ബസിലെ കണ്ടക്ടറെ ആശുപത്രിയിലാക്കണമെന്നും പ്രശ്നത്തിന് പരിഹാരം കണ്ടിട്ടേ ബസ് ഇവിടെനിന്ന് മുന്നോട്ട് എടുക്കാൻ പാടുള്ളൂവെന്നും യാത്രക്കാർ കർശന നിലപാടെടുത്തു

കൊച്ചിയിൽ ബസ് ജീവനക്കാരുടെ ഗുണ്ടായിസം; മത്സര ഓട്ടം ചോദ്യം ചെയ്ത യാത്രക്കാരന്റെ മൂക്ക് ഇടിച്ചുതകർത്തു, കണ്ടക്ടർ അറസ്റ്റിൽ
കൊച്ചിയിൽ ബസ് ജീവനക്കാരുടെ ഗുണ്ടായിസം; മത്സര ഓട്ടം ചോദ്യം ചെയ്ത യാത്രക്കാരന്റെ മൂക്ക് ഇടിച്ചുതകർത്തു, കണ്ടക്ടർ അറസ്റ്റിൽ

കൊച്ചി: നഗരത്തിൽ സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരഓട്ടവും ഗുണ്ടായിസവും ചോദ്യംചെയ്ത യാത്രക്കാരന്റെ മുഖത്തിടിച്ചു പരിക്കേൽപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ. എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ നൂറനാട് സ്വദേശി ശ്രീകുമാർ (34) ആണ് അറസ്റ്റിലായത്. കൈയിൽ നാണയത്തുട്ടുകൾ ചുരുട്ടിപ്പിടിച്ചായിരുന്നു ഇയാൾ യാത്രക്കാരനായ ഇടപ്പള്ളി സ്വദേശി ഷംഷീറിന്റെ മുഖത്തിടിച്ചത്. ക്രൂരമായ മർദ്ദനത്തിൽ ഷംഷീറിന്റെ മൂടിയെല്ല് തകർന്നു. ജൂലൈ 7 ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ദേശീയപാതയിൽ വൈറ്റിലയ്ക്കും പാലാരിവട്ടത്തിനും ഇടയിലുള്ള ഗീതാഞ്ജലി ജങ്ഷനിലാണ് സംഭവം.

വൈറ്റിലയിൽ വെച്ച് ’എൻപീസ്’, ’സുൽത്താന’ എന്നീ സ്വകാര്യ ബസുകൾ തമ്മിൽ സമയക്രമത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ചളിക്കവട്ടത്തുവെച്ച് സുൽത്താന ബസ് എൻപീസ് ബസിന് കുറുകേ നിർത്തി വഴി തടസ്സപ്പെടുത്തി. തുടർന്ന് സുൽത്താനയുടെ ഡ്രൈവറായ അജു, എൻപീസ് ബസിലെ കണ്ടക്ടറായ സനീഷിന്റെ തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ച ശേഷം ബസുമായി പോയി. ബസ് ജീവനക്കാരുടെ ഈ ഗുണ്ടായിസം കണ്ട് പ്രകോപിതരായ യാത്രക്കാർ തൊട്ടടുത്തുള്ള ഗീതാഞ്ജലി ജങ്ഷനിൽവെച്ച് സുൽത്താന ബസ് തടഞ്ഞുനിർത്തി. പരിക്കേറ്റ എൻപീസ് ബസിലെ കണ്ടക്ടറെ ആശുപത്രിയിലാക്കണമെന്നും പ്രശ്നത്തിന് പരിഹാരം കണ്ടിട്ടേ ബസ് ഇവിടെനിന്ന് മുന്നോട്ട് എടുക്കാൻ പാടുള്ളൂവെന്നും യാത്രക്കാർ കർശന നിലപാടെടുത്തു.

Also Read: ട്രെയിൻ കൂപ്പെ ‘മധുവിധു മുറിയാക്കി’; ടിടിഇക്ക് സസ്‌പെൻഷൻ, നടപടിയുമായി ഇന്ത്യൻ റെയിൽവേ

റോഡിൽ വെച്ചുണ്ടായ ഈ തർക്കത്തിൽ ഇടപെട്ടപ്പോഴാണ് സുൽത്താന ബസിലെ കണ്ടക്ടറായ ശ്രീകുമാർ യാത്രക്കാരനായ ഷംഷീറിന് നേരെ തിരിയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. സംഭവത്തേത്തുടർന്ന് ദേശീയപാതയിൽ ദീർഘനേരം കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിവരമറിഞ്ഞ് പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ ഷംഷീറിനെയും സനീഷിനെയും ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അടിയന്തര അന്വേഷണത്തിൽ അക്രമം നടത്തിയ സുൽത്താന ബസ് പോലീസ് കസ്റ്റഡിയിലെടുക്കുകയും കണ്ടക്ടർ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share Email
Top