പത്തനാപുരം: അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. പിറവന്തൂരിലാണ് സംഭവം. വീട്ടിൽ നിന്ന് സ്വർണവും പണവും മൊബൈൽ ഫോണുകളും ഇലക്ട്രിക് ഉപകരണങ്ങളും മോഷ്ടിച്ചു. വാഴത്തോപ്പ് ഡിപ്പോക്ക് എതിർവശം ലിംല സാമുവലിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം പുലർച്ചെ മോഷണം നടന്നത്. ലിംല സാമുവൽ ഒരു വർഷമായി മക്കൾക്കൊപ്പം അമേരിക്കയിലാണ് താമസിക്കുന്നത്. അയൽവാസി രാവിലെ പള്ളിയിൽ പോകാൻ നേരം വീടിന്റെ വാതിലുകളും ഗ്രില്ലും തുറന്ന് കിടക്കുന്നത് കണ്ട് പുനലൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
മുൻവാതിൽ തകർത്ത് അകത്ത് പ്രവേശിച്ച മോഷ്ടാക്കൾ മുറികളിലെ മൂന്ന് അലമാരകൾ തകർത്താണ് മോഷണം നടത്തിയത്. പുനലൂർ എസ്.എച്ച്.ഒ രാജേഷിന്റെയും എസ്.ഐ അജികുമാറിന്റെയും നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി. ഡോഗ്സ്ക്വാഡും വിരലടയാളവിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മേഖലയിലെ സി.സി.ടി.വികൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.