അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) ഡിസംബറിലെ മികച്ച താരമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ തകർപ്പൻ പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്, ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൻ പാറ്റേഴ്സൺ എന്നിവരെ പിന്തള്ളിയാണ് ബുംറ രണ്ടാം തവണയും ഐ.സി.സിയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഓസീസിനെതിരായ പരമ്പരയിൽ ഡിസംബറിൽ നടന്ന ആദ്യ മൂന്നു ടെസ്റ്റുകളിൽ 14.22 ശരാശരിയിൽ 22 വിക്കറ്റുകളാണ് താരം നേടിയത്. അഞ്ചു ടെസ്റ്റുകളിലായി മൊത്തം 32 വിക്കറ്റുകളും താരം വീഴ്ത്തി. പരമ്പരയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും ബുംറയായിരുന്നു.
പരമ്പരയിൽ ഇന്ത്യ ജയിച്ച പെർത്തിലെ ആദ്യ ടെസ്റ്റിൽ ടീമിനെ നയിച്ചതും ബുംറയാണ്. ‘ഡിസംബറിലെ ഐ.സി.സി പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ ആവേശത്തിലാണ് അദ്ദേഹം. വ്യക്തിഗത അംഗീകാരങ്ങൾക്കായി തെരഞ്ഞെടുക്കപ്പെടുന്നത് വലിയ കാര്യമാണ്, നമ്മുടെ പരിശ്രമങ്ങൾക്ക് അംഗീകാരം ലഭിക്കുന്നത് സന്തോഷകരമാണെന്ന്’ ബുംറ പ്രതികരിച്ചു. ബോർഡർ ഗവാസ്കർ ട്രോഫി ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായിരുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് പരമ്പരയിൽ കളിക്കാനായത് വലിയ അംഗീകാരമാണെന്നും താരം കൂട്ടിച്ചേർത്തു.
Also Read: ചാമ്പ്യൻസ് ട്രോഫി; ടീം പ്രഖ്യാപനം പിന്നീട്
ബുംറയുടെ ബൗളിങ് മികവുകൊണ്ടുമാത്രമാണ് ഓസീസിനെതിരായ പരമ്പര ഏകപക്ഷീയമാകാതിരുന്നത്. ഓസീസിന്‍റെ അന്നാബെൽ സതർലാൻഡാണ് ഡിസംബറിലെ മികച്ച വനിത താരം. ഇന്ത്യയുടെ സ്മൃതി മാന്ഥാനയെ മറികടന്നാണ് ഓസീസ് താരം പുരസ്കാരം നേടിയത്.