ദുബായ്: കെട്ടിടനിർമാണ പെർമിറ്റുകൾക്കായി ദിവസങ്ങളോളം കാത്തിരിക്കേണ്ടിയിരുന്ന കാലത്തിന് വിരാമമിട്ട് പുതിയ നിർമിതബുദ്ധി (എ.ഐ.) സംവിധാനവുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്ത്. ഡിജിറ്റൽ രംഗത്ത് ദുബായ് കൈവരിക്കുന്ന ചരിത്രപരമായ ഈ മുന്നേറ്റത്തിലൂടെ, ഔദ്യോഗിക അനുമതികൾ ഇനി മിനിറ്റുകൾക്കുള്ളിൽ ലഭ്യമാകും.
സമർപ്പിക്കപ്പെടുന്ന പ്ലാനുകളും രേഖകളും പൂർണ്ണമായും സ്വയം പരിശോധിച്ചുകൊണ്ട് മനുഷ്യന്റെ ഇടപെടലുകളില്ലാതെ നേരിട്ട് പെർമിറ്റ് നൽകാൻ ഈ പുതിയ പ്ലാറ്റ്‌ഫോമിന് സാധിക്കും. ദുബായ് ബിൽഡിങ് കോഡും മറ്റ് സാങ്കേതിക മാനദണ്ഡങ്ങളും ഇവ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഈ സംവിധാനം ഉറപ്പുവരുത്തുകയും ചെയ്യും.
Also Read: ഷാർജയിൽ കുതിച്ചുചാട്ടം; കാർഷിക-ഭക്ഷ്യ സുരക്ഷയ്ക്കായി സേവ നൽകിയത് 125 കോടി ഗ്യാലൻ ശുദ്ധജലം
ഔദ്യോഗികമായി അപേക്ഷ സമർപ്പിക്കുന്നതിന് മുൻപുതന്നെ കെട്ടിട ഡിസൈനുകൾ പരിശോധിച്ച് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ മുൻകൂട്ടി കണ്ടെത്താൻ ഉപയോക്താക്കൾക്ക് ഈ സാങ്കേതികവിദ്യ സഹായകരമാകും. അപേക്ഷകളിൽ എന്തെങ്കിലും തിരുത്തലുകളോ കൂടുതൽ വിവരങ്ങളോ ആവശ്യമുണ്ടെങ്കിൽ സിസ്റ്റം ഉടൻ തന്നെ ഉപയോക്താക്കൾക്ക് വ്യക്തമായ നിർദേശങ്ങളും നൽകും.
നിർമാണ-റിയൽ എസ്റ്റേറ്റ് മേഖലകളിൽ കാര്യക്ഷമതയും വേഗതയും വർധിപ്പിക്കുന്നതിനൊപ്പം മുനിസിപ്പാലിറ്റിയുടെ പ്രവർത്തന മികവ് കൂടുതൽ ഉയർത്താൻ ഈ സംവിധാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിപുലമായ സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയും ഉപയോഗിച്ച് സർക്കാർ നടപടിക്രമങ്ങൾ ലളിതമാക്കാനും സുസ്ഥിര നഗരവികസനം ഉറപ്പാക്കാനുമുള്ള ദുബായിയുടെ നയത്തിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.






