ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് വേണ്ടി വമ്പൻ പ്രഖ്യാപനവുമായി ബിഎസ്എൻഎൽ. ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഗംഭീര പ്രീപെയ്‌ഡ് റീചാർജ് പ്ലാനാണ് ബിഎസ്എൻഎൽ പരിചയപ്പെടുത്തുന്നത്. 30 ദിവസത്തെ വാലിഡിറ്റിയിൽ പരിധിയില്ലാത്ത കോൾ, ദിനംപ്രതി 2.5 ജിബി ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ സഹിതം കുറഞ്ഞ രൂപയ്ക്ക് ആരും തരാത്ത ഗംഭീര റീചാർജ് പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.
225 രൂപ വിലയുള്ള പ്രീപെയ്‌ഡ് റീചാർജ് പ്ലാനാണ് ബിഎസ്എൻഎൽ ഇപ്പോൾ ഉപഭോക്താക്കളെ പരിചയപ്പെടുത്തിയിരിക്കുന്നത്. 225 രൂപ വരുന്ന ഈ റീചാർജിൻറെ വാലിഡിറ്റി 30 ദിവസം. പരിധിയില്ലാതെ കോളുകൾ വിളിക്കാമെന്നതും മുപ്പത് ദിവസവും 2.5 ജിബി വീതം ഡാറ്റ ഉപയോഗിക്കാം എന്നതുമാണ് ഈ റീചാർജ് പ്ലാനിൻറെ ഏറ്റവും വലിയ സവിശേഷത. ഇതിനെല്ലാം പുറമെ ദിവസവും 100 വീതം എസ്എംഎസുകളും 225 രൂപ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നു. ഒരു മാസം വാലിഡിറ്റിയോടെ ദിനംപ്രതി 2.5 ജിബി ഡാറ്റ ഇത്രയും കുറഞ്ഞ നിരക്കിൽ മറ്റൊരു ടെലികോം ഓപ്പറേറ്റർമാരും നൽകാത്ത സ്ഥാനത്താണ് ബിഎസ്എൻഎല്ലിൻറെ ഈ വമ്പിച്ച വാഗ്‌ദാനം. 4ജി വ്യാപനത്തോടെ തിരിച്ചുവരവിൻറെ പാതയിലുള്ള ബിഎസ്എൻഎൽ കുറഞ്ഞ നിരക്കുകളിലുള്ള റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചും കളംപിടിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ്.
ALSO READ: ഹേയ് ഗൂഗിൾ, അടുത്തെവിടെയാണ് പെട്രോൾ പമ്പ്? ഇനി ഡ്രൈവിംഗിനിടെ മാപ്പിനോട് ചോദിച്ചു ചോദിച്ചു പോവാം..!
അടുത്തിടെ മറ്റൊരു റീചാർജ് ഓഫർ ബിഎസ്എൻഎൽ കേരളത്തിൽ പ്രഖ്യാപിച്ചിരുന്നു. നിങ്ങൾക്ക് ഇഷ്‌ടമുള്ള ആർക്കെങ്കിലും ബിഎസ്എൻഎല്ലിൻറെ സെൽഫ്‌കെയർ ആപ്പ് വഴി 199 രൂപയ്‌ക്കോ അതിന് മുകളിലോ റീചാർജ് ചെയ്‌ത് നൽകിയാൽ 2.5 ശതമാനം ഇൻസ്റ്റൻറ് ഡിസ്‌കൗണ്ട് നൽകുമെന്നാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൻറെ പ്രഖ്യാപനം. ഇങ്ങനെ എത്രവട്ടം റീചാർജ് ചെയ്‌താലും ഈ ആനുകൂല്യം ലഭിക്കും. നവംബർ 18 വരെ ഈ റീചാർജ് ഓഫർ ലഭിക്കുമെന്നും ബിഎസ്എൻഎൽ കേരള സർക്കിൾ അറിയിച്ചു. പുതിയ ഉപഭോക്താക്കൾക്ക് ഒരു രൂപയുടെ ദീപാവലി റീചാർജ് ഓഫർ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പുത്തൻ പാക്കും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അവതരിപ്പിച്ചത്.






