പ്രഷർ കുക്കർ ഉപയോഗിച്ച് മർദ്ദിച്ചു, കഴുത്തറുത്തു; ഹൈദരാബാദിൽ വീട്ടമ്മയെ കൊലപ്പെടുത്തിയത് അതിക്രൂരമായി

പ്രാഥമിക അന്വേഷണത്തിൽ രണ്ട് പുരുഷന്മാരാണ് പ്രധാന പ്രതികളെന്ന് പോലീസ് സംശയിക്കുന്നു

പ്രഷർ കുക്കർ ഉപയോഗിച്ച് മർദ്ദിച്ചു, കഴുത്തറുത്തു; ഹൈദരാബാദിൽ വീട്ടമ്മയെ കൊലപ്പെടുത്തിയത് അതിക്രൂരമായി
പ്രഷർ കുക്കർ ഉപയോഗിച്ച് മർദ്ദിച്ചു, കഴുത്തറുത്തു; ഹൈദരാബാദിൽ വീട്ടമ്മയെ കൊലപ്പെടുത്തിയത് അതിക്രൂരമായി

ഹൈദരാബാദിലെ ഗേറ്റഡ് കമ്മ്യൂണിറ്റിയിൽ 50 വയസുള്ള സ്ത്രീയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ സുരക്ഷാ ആശങ്കകൾ ഉയരുകയാണ്. സ്വാൻ ലേക്ക് അപ്പാർട്ട്‌മെന്റിന്റെ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന രേണു അഗർവാൾ എന്ന സ്ത്രീയാണ് അതി ക്രൂരമായി കൊല്ലപ്പെട്ടത്. സെപ്റ്റംബർ 10 നാണ് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ജോലിക്ക് പോയ ഭർത്താവ് വൈകുന്നേരം 5 മണിയോടെ രേണുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ സംശയം തോന്നി നേരത്തെ വീട്ടിലേക്ക് മടങ്ങി. വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നതിനാൽ, ഒരു പ്ലംബറുടെ സഹായത്തോടെ ബാൽക്കണി വഴി വാതിൽ തുറന്നപ്പോൾ രേണുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിച്ചു.

പ്രഷർ കുക്കർ ഉപയോഗിച്ച് മർദ്ദിച്ച ശേഷം കത്തിയും കത്രികയും ഉപയോഗിച്ച് കഴുത്തറുത്താണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. രേണുവിന്റെ കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു. വീട് കൊള്ളയടിച്ച അക്രമികൾ 40 ഗ്രാം സ്വർണ്ണവും ഒരു ലക്ഷം രൂപയും കവർന്നു. കൊലപാതകത്തിന് ശേഷം വീട്ടിൽ കുളിക്കുകയും, രക്തം പുരണ്ട വസ്ത്രങ്ങൾ ഉപേക്ഷിച്ച് പുതിയ വസ്ത്രങ്ങൾ ധരിച്ച് രക്ഷപ്പെടുകയും ചെയ്തു.

പ്രാഥമിക അന്വേഷണത്തിൽ രണ്ട് പുരുഷന്മാരാണ് പ്രധാന പ്രതികളെന്ന് പോലീസ് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഇരുവരും 13-ാം നിലയിലേക്ക് പോകുന്നതും വൈകുന്നേരം 5:02-ന് തിരികെ വരുന്നതും കാണാം. പ്രതികളിൽ ഒരാളായ ഹർഷ ജാർഖണ്ഡ് സ്വദേശിയാണ്. 10 ദിവസം മുമ്പ് മാത്രമാണ് ഇയാളെ ഒരു മാൻപവർ ഏജൻസി വഴി രേണു അഗർവാളിന്റെ വീട്ടിൽ ജോലിക്ക് നിയമിച്ചത്. മറ്റൊരാളായ റൂഷൻ, അഗർവാളിന്റെ അയൽപക്കത്തെ വീട്ടിലെ ജോലിക്കാരനാണ്. ഇരുവരും റൂഷന്റെ തൊഴിലുടമയുടെ ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഇവർ റാഞ്ചിയിലേക്ക് കടന്നുകളഞ്ഞതായി പോലീസ് സംശയിക്കുന്നു. കൊലപാതകത്തിൽ കുക്കാട്ട്പള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ, ഫോറൻസിക് തെളിവുകൾ, സാക്ഷി മൊഴികൾ എന്നിവ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Share Email
Top