മകളെ കളിയാക്കിയതിന് ക്രൂരവിധി; ‘കടുവ സന്തോഷ്’ വധക്കേസിൽ പ്രതി പിടിയിൽ

സമീപവാസിയായ പ്രാദേശിക കരാറുകാരൻ കരിക്കാട് അംബികാലയത്തിൽ പി.ആർ. ഐറിഷ് (48) ആണ് ചേർത്തല സർക്കിൾ ഓഫീസിലെത്തി കീഴടങ്ങിയത്

മകളെ കളിയാക്കിയതിന് ക്രൂരവിധി; ‘കടുവ സന്തോഷ്’ വധക്കേസിൽ പ്രതി പിടിയിൽ
മകളെ കളിയാക്കിയതിന് ക്രൂരവിധി; ‘കടുവ സന്തോഷ്’ വധക്കേസിൽ പ്രതി പിടിയിൽ

ചേർത്തല: തണ്ണീർമുക്കം വെറുങ്ങിൻചുവടിൽ സന്തോഷ് (കടുവ സന്തോഷ് – 53) കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സമീപവാസിയായ പ്രാദേശിക കരാറുകാരൻ കരിക്കാട് അംബികാലയത്തിൽ പി.ആർ. ഐറിഷ് (48) ആണ് ചേർത്തല സർക്കിൾ ഓഫീസിലെത്തി കീഴടങ്ങിയത്. മകളെ കളിയാക്കിയതിലുള്ള പ്രതികാരമാണ് കൊലപാതകമെന്ന് ഇയാൾ കുറ്റം സമ്മതിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഏതാനും ദിവസംമുമ്പ് ഐറിഷിന്റെ മകളെ സന്തോഷ് കളിയാക്കുകയും, ഇതിനെതിരെ കുടുംബം പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിൽ സന്തോഷ് ഐറിഷിന്റെ വീട്ടിലെത്തി ഭീഷണിമുഴക്കിയിരുന്നു. ഈ സംഭവത്തിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. അഞ്ചിനു രാത്രി 11.42-ഓടെ കാറിലെത്തിയ ഐറിഷ്, കിടപ്പുമുറിയിൽ കിടന്നുറങ്ങുകയായിരുന്ന സന്തോഷിനെ മുളവടിക്ക് തലയ്ക്കും കാലിനും ക്രൂരമായി അടിക്കുകയായിരുന്നു.

Also Read: 17കാരിയായ ഗർഭിണിയെ തലയറുത്ത് കൊന്നു, മൃതദേഹം കുറ്റിക്കാട്ടിൽ..! പോലീസ് നായ എത്തിയത് ഭർത്താവിന്റെ വീട്ടിലേക്ക്

ആക്രമണത്തിനുശേഷം കാറിൽ രക്ഷപ്പെട്ട പ്രതി എട്ടുദിവസമായി ഒളിവിലായിരുന്നു. ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും, പരിഗണിക്കുംമുന്നേയാണ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ കീഴടങ്ങിയത്. ആറിനു രാവിലെയാണ് സന്തോഷിനെ മർദനമേറ്റ ഗുരുതര പരിക്കുകളോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയുടെ പിൻഭാഗത്ത് ചെവിക്കു സമീപമുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്ന സന്തോഷിന്റെ വായിൽനിന്നും മൂക്കിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നു. അക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മുടിഞ്ഞ മുളവടി വീട്ടിൽനിന്നു പോലീസ് കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ധരും പോലീസ് നായയും നടത്തിയ പരിശോധനയ്ക്കു പുറമെ സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു.

രണ്ടുവർഷമായി സന്തോഷിന്റെ ഭാര്യയും മക്കളും പിണങ്ങി മറ്റൊരു വീട്ടിലാണ് താമസം. സമീപവാസികളുമായി വലിയ ബന്ധമില്ലാതിരുന്ന സന്തോഷ്, മുൻപും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കീഴടങ്ങിയ പ്രതിയെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share Email
Top