തൃശൂർ: കള്ളുഷാപ്പിൽ മൂത്ത കള്ള് കിട്ടാത്തതിനെ തുടർന്ന് മാനേജരെയും സുഹൃത്തിനെയും കുപ്പികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. കിഴക്കേനട സ്വദേശികളായ പെണ്ണാട്ട് വീട്ടിൽ അമൽ (28), സഹോദരൻ അക്ഷയ് (25) എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 9 ഞായറാഴ്ച വൈകിട്ട് 4:45-ഓടെ കിഴക്കേനട കള്ളുഷാപ്പിലായിരുന്നു സംഭവം. ഷാപ്പിലെത്തിയ അക്ഷയ് മാനേജരായ മണിലാലിനോട് മൂത്ത കള്ള് ആവശ്യപ്പെട്ടു. എന്നാൽ മൂത്ത കള്ള് ഇല്ലെന്ന് പറഞ്ഞതോടെ അക്ഷയ് മണിലാലിനെ അസഭ്യം പറയുകയും തള്ളിമാറ്റുകയുമായിരുന്നു. തുടർന്ന് മണിലാലും സുഹൃത്തായ ദിനേശും ചേർന്ന് അക്ഷയിനെ ഷാപ്പിന് പുറത്താക്കി.
Also Read: ഏഴു മാസം മുൻപത്തെ 20 പവൻ സ്വർണക്കവർച്ച; രണ്ടാം പ്രതിയും പിടിയിൽ
ഇതിലുള്ള വിരോധത്തിൽ സഹോദരനായ അമലുമായി തിരിച്ചെത്തിയ അക്ഷയ് ഷാപ്പിനുള്ളിൽ അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് മണിലാലിനെയും ദിനേശിനെയും കള്ളുകുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ അന്തിക്കാട് പോലീസ് പ്രതികളെ സംഭവസ്ഥലത്തു വെച്ചുതന്നെ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ അമൽ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകളിലും, അക്ഷയ് മയക്കുമരുന്ന് ഉപയോഗിച്ച കേസിലും പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി.






