ഇടതുപക്ഷത്തിൻ്റെ തോൽവിയിൽ ബ്രിട്ടാസും ‘പങ്കുവഹിച്ചു’, പിഎംശ്രീ പദ്ധതി വിവാദവും ന്യൂനപക്ഷങ്ങളെ അകറ്റി

കൈരളി ചാനലിനെ കൊണ്ട് അതിൻ്റെ എംഡി ബ്രിട്ടാസിന് ഗുണം ഉണ്ടായി എന്നല്ലാതെ ഇടതുപക്ഷത്തിന് എന്ത് ഗുണമാണ് ഉണ്ടായിട്ടുള്ളത് ? പാർലമെൻ്റ് അംഗമായിട്ടും അദ്ദേഹത്തെ എന്തുകൊണ്ടാണ് ഇനിയും എംഡി സ്ഥാനത്ത് നിന്നും മാറ്റാതിരിക്കുന്നത് ?

ഇടതുപക്ഷത്തിൻ്റെ തോൽവിയിൽ ബ്രിട്ടാസും ‘പങ്കുവഹിച്ചു’, പിഎംശ്രീ പദ്ധതി വിവാദവും ന്യൂനപക്ഷങ്ങളെ അകറ്റി
ഇടതുപക്ഷത്തിൻ്റെ തോൽവിയിൽ ബ്രിട്ടാസും ‘പങ്കുവഹിച്ചു’, പിഎംശ്രീ പദ്ധതി വിവാദവും ന്യൂനപക്ഷങ്ങളെ അകറ്റി

ദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ ഈ കനത്ത പരാജയത്തിൽ സി.പി.എം രാജ്യസഭ അംഗമായ ജോൺ ബ്രിട്ടാസിനും പങ്കുണ്ട്. ഈ പങ്ക് പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്യപ്പെടാതിരിക്കാനാണ് അദ്ദേഹം ഇപ്പോൾ ഒരു വീഡിയോയുമായി രംഗത്ത് വന്നിരിക്കുന്നത്.ബ്രിട്ടാസിൻ്റെ വീഡിയോ , വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

ആര് പറഞ്ഞിട്ടായാലും അല്ലങ്കിലും, മോദി സർക്കാറിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ബ്രിട്ടാസിൻ്റെ റോളും , ഈ പദ്ധതിയിൽ പിണറായി സർക്കാർ ഒപ്പിട്ടതും ഇടതുപക്ഷത്തിൻ്റെ സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിനേറ്റ ആദ്യ പ്രഹരമാണ്. സി.പി.ഐ ഉടക്കിയപ്പോൾ പിന്നീട് സർക്കാർ ഈ പദ്ധതിയിൽ നിന്നും പിൻവാങ്ങിയെങ്കിലും അതുകൊണ്ടൊന്നും തന്നെ നഷ്‌ടപ്പെട്ട പ്രതിചഛായ തിരിച്ചു പിടിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല. ‘നമ്മൾ ഒരാളെ അടിച്ചിട്ട് പിന്നെ മാപ്പ് പറഞ്ഞത് കൊണ്ട്, കൊണ്ട അടിയുടെ വേദനയൊന്നും മാറില്ലല്ലോ ? അതുപോലെയുള്ള ഒരു എഫക്ടാണ് ഈ പദ്ധതിയിൽ നിന്നും പിൻമാറിയിട്ടും ന്യൂനപക്ഷ കേന്ദ്രങ്ങളിൽ പ്രകടമായിരുന്നത്. സി.പി.എം നേതൃത്വം നൽകുന്ന സർക്കാരിൽ നിന്നും അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടി സംഭവിച്ചത് കൊണ്ടാണ് സർക്കാർ തിരുത്തിയിട്ടും, ന്യൂനപക്ഷങ്ങൾ അത് ഇപ്പോഴും മറക്കാതിരിക്കുന്നത്.

കേന്ദ്ര ഫണ്ട് കിട്ടാൻ വേണ്ടിയിട്ടല്ലേ, പിഎം ശ്രീ പദ്ധതിയിൽ പിണറായി സർക്കാർ ഒപ്പിട്ടത് എന്ന് വാദിക്കുന്നവരോട് തിരിച്ച് ചോദിക്കാനുള്ളത് പണം കിട്ടുമെങ്കിൽ തിരുത്താനുള്ളതാണ് കമ്മ്യൂണിസ്റ്റുകളുടെ നിലപാട് എന്നതാണ്. ഇങ്ങനെ ന്യായികരിക്കാൻ ചില്ലറ തൊലികട്ടിയൊന്നും എന്തായാലും മതിയാവില്ല. തമിഴ്‌നാട് സർക്കാർ പോലും ഒപ്പിടാത്ത പദ്ധതിയിലാണ് ഇടതുപക്ഷത്തിൻ്റെ പ്രഖ്യാപിത നിലപാട് തള്ളി പിണറായി സർക്കാർ ഒപ്പിട്ടിരുന്നത്. ഇതിനെ ന്യായികരിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പരസ്യമായി എടുത്ത നിലപാടുകളും, ബ്രിട്ടാസിൻ്റെ ഇടപെടലും എല്ലാം അത്ര നിഷ്കളങ്കമായി കാണാൻ എന്തായാലും രാഷ്ട്രീയ കേരളത്തിന് കഴിയുകയില്ല.

പാർട്ടിക്കൊപ്പം കഴിഞ്ഞ കാലങ്ങളിൽ നിന്നിരുന്നവർ എതിർ പാർട്ടി സ്ഥാനാർത്ഥിയായി വന്നതുൾപ്പെടെ പരിശോധിച്ച് മുന്നോട്ട് പോകണമെന്ന ഒരു നിർദ്ദേശം, ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടാസ് ഇപ്പോൾ വീഡിയോയിലൂടെ മുന്നോട്ട് വച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ, ബ്രിട്ടാസിൻ്റെ കൈരളി ചാനലിലെ പ്രവർത്തനവും, രാജ്യസഭയിലേക്കുള്ള നിയമനവും കൂടി പരിശോധിക്കുന്നതും എന്തായാലും നല്ലതായിരിക്കും എന്ന അഭിപ്രായം ഇടത് അനുകൂല മാധ്യമ പ്രവർത്തകർക്കിടയിൽ തന്നെയുണ്ട്.

അർഹതയ്ക്കുള്ള അംഗീകാരമായല്ല ജോൺ ബ്രിട്ടാസിന് രാജ്യസഭ അംഗത്വം ലഭിച്ചിരിക്കുന്നത് എന്നത്, പ്രത്യേകിച്ച് പറയേണ്ട കാര്യമൊന്നുമില്ല. ബ്രിട്ടാസിനേക്കാൾ സീനിയോറിറ്റിയും, പാരമ്പര്യവും, കഴിവും ഉള്ള അനവധി പേർ സി.പി.എമ്മിൽ ഉണ്ടായിട്ടും, ബ്രിട്ടാസിന് തന്നെ നറുക്ക് വീണത് പിണറായി വിജയൻ എന്ന നേതാവിൻ്റെ ഒറ്റ താൽപര്യത്തിലാണ്. അത് പിന്നെ പാർട്ടി തീരുമാനമായി അംഗീകരിക്കപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം. തനിക്ക് താൽപര്യമുള്ളവരെ പാർട്ടിയിലാണെങ്കിലും സർക്കാറിലാണെങ്കിലും, മറ്റ് ഏത് പദവിയിലേക്ക് ആണെങ്കിലും പ്രമോട്ട് ചെയ്യുക എന്നത് പിണറായിയുടെ ഒരു രീതിയാണ്. ഇതൊരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ രീതിയായി കാണാൻ സാധിക്കുകയില്ല.

കൈരളി ചാനൽ ഉണ്ടായത് മുതൽ അതിൻ്റെ എംഡിയാണ് ജോൺ ബ്രിട്ടാസ്. രാജ്യസഭ അംഗമായി തിരത്തെടുക്കപ്പെട്ടിട്ടും ഇതുവരെ അദ്ദേഹം ഈ എംഡി സ്ഥാനം ഒഴിഞ്ഞിട്ടുമില്ല. ഇതൊരു തരത്തിൽ പറഞ്ഞാൻ ഇരട്ട പദവി തന്നെയാണ്. മിടുക്കരായ എത്രയോ സീനിയറായ മാധ്യമ പ്രവർത്തകർ ഇടതുപക്ഷത്തുണ്ട്. അവരെ ആരെയെങ്കിലും പിടിച്ച് കൈരളിയുടെ ചുമതല ഏൽപ്പിച്ചിരുന്നു എങ്കിൽ, ആ ചാനൽ നല്ല നിലയിൽ മുന്നോട്ട് പോകുമായിരുന്നു. തിരഞ്ഞെടുപ്പ് കാലത്തും ഗുണം ചെയ്യുമായിരുന്നു. ഇപ്പോൾ സംഘപരിവാർ ചാനലായ ജനം ചാനലിനും പിന്നിൽ നിൽക്കേണ്ട ഗതികേടിലാണ് കൈരളി ചാനൽ ഉള്ളത്. സി.പി.എം പ്രവർത്തകരും അനുഭാവികളും ഈ ചാനൽ കാണുന്നുണ്ടെങ്കിൽ, ഒരിക്കലും ഈ ഒരു അവസ്ഥയിലേക്ക് കൈരളി കൂപ്പ് കുത്തില്ലായിരുന്നു.

എന്തെങ്കിലും ഗുണം കൈരളി ചാനലിനെ കൊണ്ട് കേരളത്തിലെ ഇടതുപക്ഷത്തിനുണ്ടായിട്ടുണ്ടോ ? കൈരളി സ്ഥാപിക്കാനായി ഓഹരി പിരിക്കാനും മറ്റുമായി സി.പി.എം പ്രവർത്തകരാണ് തെരുവിലിറങ്ങിയിരുന്നത്. അനവധി സഖാക്കളുടെ പണവും കൈരളിക്ക് വേണ്ടി നിക്ഷേപിച്ചിട്ടുണ്ട്. അതും ഈ ഘട്ടത്തിൽ എന്തായാലും പറയാതിരിക്കാൻ കഴിയുകയില്ല. ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങൾ മേധാവിത്വം പുലർത്തുന്ന നമ്മുടെ മാധ്യമ മേഖലയിൽ ഒരു ചെറിയ ചലനം സൃഷ്ടിക്കാൻ പോലും കൈരളി ചാനലിന് സാധിക്കാതിരിക്കുന്നത്, എംഡി എന്ന നിലയിലുള്ള ജോൺ ബ്രിട്ടാസിൻ്റെ കഴിവുകേട് കൊണ്ടു കൂടിയാണ്. അത് ദൗർഭാഗ്യവശാൽ സി. പി. എം നേതൃത്വം തിരിച്ചറിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഇടയ്ക്ക് ഒരുതവണ കൈരളി ചാനൽ വിട്ട് ഏഷ്യാനെറ്റിൽ പോയ ജോൺ ബ്രിട്ടാസിനെ അധികം തമാസിയാതെ തിരികെ എത്തിച്ചതും, ഇതേ പിണറായി വിജയൻ തന്നെയാണ്. ഇങ്ങനെ വഴിവിട്ട പരിഗണന കൊടുത്ത് ജോൺ ബ്രിട്ടാസിനെ പിണറായി ഒപ്പം നിർത്തിയതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് രാജ്യസഭയിലെ പുതിയ അംഗത്വം. പാർട്ടി സഖാക്കളുടെയും നേതാക്കളുടെയും താൽപര്യം മുഖവിലക്കെടുക്കാതെ, ഇങ്ങനെ ഒരുപാട് പേർ പിണറായിയുടെ മാത്രം താല്പര്യത്തിൽ നിരവധി സ്ഥാനങ്ങളിൽ പ്രതിഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതിൽപ്പെട്ട മറ്റൊരാളാണ് പി ശശി.

പി ജയരാജനെ പോലുളള ജനകീയരായ സി.പി.എം നേതാക്കൾ സംസ്ഥാന കമ്മറ്റിയിൽ എതിർത്തിട്ടും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെ നിയമിച്ചത് പിണറായി വിജയൻ്റെ ഒറ്റ താല്പര്യത്തിലാണ്. സ്ത്രീ വിഷയത്തിൽപ്പെട്ട് പാർട്ടിയിൽ നിന്നും പുറത്താക്കിയ പി.ശശിയെ സംസ്ഥാന കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തതും, സകല കീഴ്‌വഴക്കങ്ങളും ലംഘിച്ച് ശരവേഗത്തിലായിരുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്. അടിമ രൂപത്തിൽ പിണറായിക്ക് മുന്നിൽ മറ്റ് നേതാക്കൾ നിന്നതു കൊണ്ടു മാത്രമാണ്, ഇതെല്ലാം സംഭവിച്ചിരിക്കുന്നത്.

ചോദ്യം ചെയ്യേണ്ട സമയത്ത് പിണറായിയെ തന്നെ ചോദ്യം ചെയ്യാനും, തിരുത്താനും ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളിൽ പാർട്ടി നേതാക്കൾ തയ്യാറായിരുന്നു എങ്കിൽ, ഏകപക്ഷീയമായി പിണറായിക്ക് ഒരിക്കലും ഇങ്ങനെയൊന്നും നീങ്ങാൻ പറ്റില്ലായിരുന്നു. അതിൻ്റെയൊക്കെ പരിണിത ഫലമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നേരിട്ട ഈ വമ്പൻ തിരിച്ചടി.

തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം, ഇപ്പോൾ സി.പി.എം എടുത്ത ഒരു തീരുമാനമില്ലേ ? കീഴ്ഘടകം മുതൽ മുകൾതട്ട് വരെ എത്ര സമയമെടുത്തും സഖാക്കൾക്ക് മനസ്സ് തുറന്ന് വിമർശിക്കാം എന്ന തീരുമാനം? ഈ തീരുമാനം നേരത്തെ തന്നെ സി.പി.എം എടുത്തിരുന്നു എങ്കിൽ, തിരഞ്ഞെടുപ്പിലൂടെ നേതൃത്വത്തെ അണികൾക്ക് തിരുത്തേണ്ട സാഹചര്യം ഉണ്ടാവില്ലായിരുന്നു. ചോദ്യം ചോദിക്കുന്നവരെ ഇഷ്‌ടപ്പെടാത്ത നേതൃത്വം, കമ്മൃൂണിസ്റ്റു പാർട്ടികൾക്ക് എന്തായാലും ഒരിക്കലും ഭൂഷണമല്ല.

ഇടതുപക്ഷത്തിനേറ്റ ഈ തിരിച്ചടിയിൽ, ആവശ്യമായ പരിശോധനകളും ആത്മപരിശോധനകളും ഉണ്ടാകണം എന്ന കാര്യത്തിൽ തർക്കമൊന്നുമില്ലന്ന് പറയുന്ന ജോൺ ബ്രിട്ടാസ്, സമസ്ത ഘടകങ്ങളിലും പാർട്ടിയിലും അത് നടക്കണമെന്നു പറയുമ്പോൾ തന്നെ, ഈ പരിശോധന സിപിഎം ഘടകം പ്രവർത്തിക്കുന്ന കൈരളിയിലും നടത്താൻ തയ്യാറാകേണ്ടതുണ്ട്. ന്യൂനപക്ഷ ഏകീകരണവും ധ്രുവീകരണവുമാണ് യു‍ഡിഎഫിന് അനുകൂലമായ ഒരു സാഹചര്യമായി മാറിയതെന്ന ബ്രിട്ടാസിൻ്റെ നിപാട് ശരിയാണ്. എന്നാൽ, ‘ന്യൂനപക്ഷത്തോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടല്ല അവർ ഇടത്പക്ഷത്തെ കൈവിട്ടത് എന്നും, ചില പ്രതീതികൾ ചിലപ്പോൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകാം ‘എന്നും പറയുന്ന വാദത്തോട് ഒരിക്കലും യോജിക്കാൻ കഴിയുകയില്ല.

തുടക്കത്തിൽ സൂചിപ്പിച്ച, പിഎം ശ്രീ പദ്ധതി തന്നെ ഇക്കാര്യത്തിൽ ഉദാഹരണമായി എടുക്കാവുന്നതാണ്. ആർഎസ്എസ് അജണ്ട പ്രകാരം സൃഷ്‌ടിക്കപ്പെട്ടതായി ഇടതുപക്ഷം തന്നെ പറയുന്ന പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിനായുള്ള കരാറിൽ ഒപ്പിടാൻ പാലമായി നിന്നത് ജോൺ ബ്രിട്ടാസ് എംപിയാണ് എന്ന് പറഞ്ഞിരിക്കുന്നത് ബിജെപി നേതാവായ കേന്ദ്രമന്ത്രിയാണ്. അതുകൊണ്ടു തന്നെ, ‘കേരളത്തിന് ലഭിക്കേണ്ട ഫണ്ട് സംബന്ധിച്ച കാര്യത്തിനാണ് താൻ മന്ത്രിയെ കണ്ടെതെന്ന ബ്രിട്ടാസിൻ്റെ വിശദീകരണമൊന്നും, ഇടതുപക്ഷ പ്രവർത്തകർക്കിടയിൽ പോലും വിലപ്പോയിട്ടില്ല. പിന്നെയല്ലേ ന്യൂനപക്ഷങ്ങളുടെ കാര്യം ? ‘ചില പ്രതീതികളല്ല’ നിങ്ങളുടെയൊക്കെ യാഥാർത്ഥ മുഖം തന്നെയാണ് ന്യൂനപക്ഷങ്ങൾക്കിടയിൽ തുറന്ന് കാട്ടപ്പെട്ടരിക്കുന്നത്. അതാണ് ഇനിയെങ്കിലും സ്വയം വിമർശനപരമായി ബ്രിട്ടാസ് ഉൾപ്പെടെയുള്ളവർ തിരിച്ചറിയേണ്ടത്.

ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെ കൈവിടുവാൻ മറ്റൊരു കാരണം, വിദ്വേഷ പ്രസംഗം നടത്തുന്ന വെള്ളാപ്പള്ളി നടേശനുമായുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ സഹവാസം തന്നെയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാറിൽ കയറ്റി വെള്ളാപ്പള്ളിയെ പിണറായി കൊണ്ടു പോകുമ്പോൾ ഏറെ വേദനിച്ചത്, ഇടതുപക്ഷത്തെ ഇക്കാലമത്രയും പിന്തുണച്ച ന്യൂനപക്ഷ വിഭാഗങ്ങൾക്കാണ്. ഒരു കമ്മൃൂണിസ്റ്റുകാരനും ചെയ്യാൻ പാടില്ലാത്ത ഇത്തരം പ്രവർത്തികൾ ചെയ്യുന്ന മുഖ്യമന്ത്രിയെ തിരുത്താൻ സി.പി.എം കേന്ദ്രനേതൃത്വം പോലും തയ്യാറായില്ല എന്നതും ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ട കാര്യം തന്നെയാണ്.

ബ്രാഞ്ച് തലത്തിലുള്ള ഒരു സഖാവ് ചെറിയ ഒരു പിഴവ് വരുത്തിയാൽ പോലും, അയാളെ പിടിച്ച് പാർട്ടിക്ക് പുറത്താക്കുന്ന പാർട്ടിയാണ് സി.പി എം. അങ്ങനെ അച്ചടക്കത്തിൻ്റെ വാൾ എടുക്കുന്ന സി.പി.എം നേതൃത്വത്തിന്, പിഎംശ്രീ വിഷയത്തിലും വെളളാപ്പള്ളി വിഷയത്തിലും മുഖ്യമന്ത്രിയോട് വിശദീകരണം പോലും ചോദിക്കാൻ കഴിയാതിരുന്നത് വലിയ വീഴ്ചമാത്രമല്ല, സംഘടനാപരമായ തെറ്റുകൂടിയാണ്. പാർട്ടിക്ക് കീഴ്പ്പെട്ടാണ് സിപിഎം മന്ത്രിമാരും തിരഞ്ഞെടുക്കപ്പെട്ട പാർട്ടിയുടെ മറ്റു ജനപ്രതിനിധികളും പ്രവർത്തിക്കേണ്ടത്. എന്നാൽ, മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ഓഫീസും, ജോൺ ബ്രിട്ടാസും എല്ലാം… പ്രവർത്തിച്ചത് അങ്ങനെയാണോ എന്നതു സംബന്ധിച്ച്, സി.പി.എം ഉന്നത നേതൃത്വമാണ് മറുപടി പറയേണ്ടത്.

ദേശീയ തലത്തിൽ ബിജെപിക്കുള്ള ഒരു ബദൽ എന്ന നിലയിൽ കോൺഗ്രസിനോടുള്ള ഒരു വിഭാഗത്തിന്റെ പ്രതീക്ഷയും തിരഞ്ഞെടുപ്പിൽ പ്രകടമായിട്ടുണ്ട് “എന്ന ജോൺ ബ്രിട്ടാസിൻ്റെ വാദവും നിലനിൽക്കുന്നതല്ല. തികച്ചും അസംബന്ധമായ നിലപാടാണിത്. ബിജെപിയെ തടയണമെങ്കിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തണം എന്നൊരു രാഷ്ട്രീയ ചിന്തവരാൻ, ഇപ്പോൾ നടന്നത് പാർലമെൻ്റിലേക്കുള്ള തിരഞ്ഞെടുപ്പൊന്നും അല്ലന്നതും ബ്രിട്ടാസ് ഓർത്തു കൊള്ളണം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൗരത്വ വിഷയത്തിലും പലസ്തീൻ വിഷയത്തിലും ഇടതുപക്ഷം മുൻപന്തിയിൽ നിന്നിട്ടും, ന്യൂനപക്ഷം യുഡിഎഫിനെ പിന്തുണയ്ക്കാൻ കാരണം ലോകസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ട് പ്രത്യേകിച്ച് ഒരു കാര്യവും ഇല്ല എന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ്. അതുപോലെ തന്നെ, ദേശീയ രാഷ്ട്രീയത്തിൽ ഗാന്ധി കുടുംബത്തിനും കോൺഗ്രസിനും കേരളം നൽകിയ പിന്തുണയുടെ തുടർച്ചയായാണ് പലരും ഇപ്പോഴത്തെ യു ഡി എഫ് വിജയത്തെ കാണുന്നത് എന്ന ബ്രിട്ടാസിൻ്റെ കണ്ടുപിടുത്തവും, സാമ്യന്യ യുക്തിക്ക് ചേർന്നതല്ല.

ഇങ്ങനെയൊക്കെ പറയാൻ വല്ലാത്ത തൊലികട്ടി തന്നെ വേണം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് ഗാന്ധിയാണ് വയനാട്ടിൽ നിന്നും മത്സരിച്ചത് എന്നതിനുള്ള മറുപടി കൂടി ബ്രിട്ടാസ് എന്തായാലും പറയേണ്ടതുണ്ട്. ഇതൊക്കെയാണ് വാദങ്ങളെങ്കിലും, ഇടതുപക്ഷത്തിന്റെ ചില അഹങ്കാരപരമായ സമീപനങ്ങൾ, ജനങ്ങളിൽ ചർച്ചയായിട്ടുണ്ട് ‘എന്നെങ്കിലും പറയാൻ ബ്രിട്ടാസ് തയ്യാറായത് എന്തായാലും, സ്വാഗതാർഹമായ കാര്യം തന്നെയാണ്.

‘വിമർശനങ്ങളെ ഉൾക്കൊള്ളുന്നതിൽ വന്ന കുറവും, നേതാക്കളുടെ ചില പ്രസ്താവനകളും ജനങ്ങളെ അകറ്റിയെന്ന വിലയിരുത്തലുണ്ട് ‘എന്ന് പറയുന്നതിനേക്കാൾ, തനക്ക് അത്തരം ഒരഭിപ്രായം ഉണ്ട് എന്ന് ധൈര്യമായി തുറന്ന് പറയാനാണ് ബ്രിട്ടാസ് തയ്യാറാവേണ്ടത്. മറുപടി ഇനി അദ്ദേഹം, പാർട്ടി ഘടകത്തിൽ പറയാനാണ് ഉദ്ദേശിച്ചത് ഏങ്കിൽ, പിന്നെ എന്തിനാണ് ഇങ്ങനെ ഒറ്റതിരഞ്ഞ മറ്റൊരഭിപ്രായ പ്രകടനം നടത്തിയത് എന്ന ചോദ്യത്തിനും പൊതു സമൂഹത്തിന് മുന്നിൽ മറുപടി പറയേണ്ടതായി വരും.

ഹുങ്കും അ​ഹങ്കാരവും ഒന്നും ചർച്ചയാകാത്ത തമിഴ്നാട്ടിലും ബം​ഗാളിലും, മമതയും സ്റ്റാലിനും പരാജയപ്പെട്ടല്ലോ എന്ന ബ്രിട്ടാസിൻ്റെ തുറന്നു പറച്ചിൽ വല്ലാത്തൊരു തുറന്നു പറച്ചിലാണ്. കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമായ ഒരു പ്രതികരണമാണിത്. ബ്രിട്ടാസ് പറഞ്ഞ ഈ രണ്ട് സംസ്ഥാനങ്ങളിലും ‘അഹങ്കാരത്തിന് കയ്യും കാലും വച്ച’ മുഖ്യമന്ത്രിമാരാണ് ഭരിച്ചിരുന്നത്. അധികാരത്തിൽ നിന്നും പുറത്തായിട്ടും ഈ മുഖ്യമന്ത്രിമാർ കാട്ടിക്കൂട്ടിയ പ്രവർത്തികൾ എന്തൊക്കെ ആണ് എന്നതും, ഈ രാജ്യത്തിന് അറിയാം.

കേരളത്തിൽ ഇടതുപക്ഷം തോറ്റത്, ഭരണം മോശമായത് കൊണ്ടോ, അഴിമതി നടത്തിയതു കൊണ്ടോ അല്ല, പ്രത്യയശാസ്‌ത്ര നിലപാടുകളിൽ നിന്നുപോലും വ്യതിചലിച്ചും, സ്വജനപക്ഷപാതപരമായ നിലപാട് സ്വീകരിച്ചും, ചില സി. പി. എം നേതാക്കളും മുഖ്യമന്ത്രിയും മുന്നോട്ട് പോയതു കൊണ്ടുമാത്രമാണ് ഈ തോൽവി സംഭവിച്ചിരിക്കുന്നത്. ഹുങ്കും അ​ഹങ്കാരവും ഇവിടെയും ശരിക്കും ബാധിച്ചിട്ടുണ്ട്.

മുസ്ലിം ന്യൂനപക്ഷമോ ക്രൈസ്തവ ന്യൂനപക്ഷമോ മാത്രമല്ല, ഇടതുപക്ഷത്തിൻ്റെ പരമ്പരാഗത ഹൈന്ദവ വോട്ടുകളിലും, വലിയ വിള്ളലാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. അതായത്, വെള്ളാപ്പള്ളി നടേശനോടും സുകുമാരൻ നായരോടുമുള്ള മുഖ്യമന്ത്രിയുടെ അടുപ്പം, ഹൈന്ദവ വിഭാഗങ്ങൾക്ക് പോലും രസിച്ചിട്ടില്ലെന്നത് വ്യക്തം, സംഘപരിവാർ പ്രത്യയശാസ്ത്രത്തോട് സി.പി.എം അടുക്കുന്നു എന്ന ഒരു തോന്നൽ ചുമ്മാ ഉണ്ടായാൽ പോലും, അത് ഒരിക്കലും ഇടതുപക്ഷകേരളം പൊറുക്കുകയില്ല.

അരലക്ഷത്തോളം വോട്ടിന് വിജയിച്ച ധർമ്മടം മണ്ഡലത്തിൽ നിന്നും, താരതമ്യേന തോൽവിക്ക് സമാനമായ ഭൂരിപക്ഷത്തിനാണ് പിണറായി വിജയൻ വിജയിച്ചിരിക്കുന്നത്. ഈ പ്രഹരം, തളിപറമ്പിനെയും പയ്യന്നൂരിനെയും അമ്പലപ്പുഴയെയും പോലെ തന്നെ വലിയ ഒരു അപകട സിഗനലാണ്. തോൽവിയെ ന്യായീകരിക്കാൻ ഇങ്ങനെ ഓരോ ന്യായികരണങ്ങൾ നിരത്തുന്ന ബ്രിട്ടാസിൻ്റെ വാക്കുകൾ, പുതിയ സാഹചര്യത്തിൽ, യഥാർത്ഥ സിപിഎം സഖാക്കൾ പുച്ഛത്തോടെ തള്ളിക്കളയുമെന്ന കാര്യവും ഉറപ്പാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, ഇപ്പോഴത്തെ തോൽവിയിൽ തെറ്റ് തിരുത്തൽ നടപടികൾ മുഖം നോക്കാതെ സി.പി.എം സ്വീകരിക്കുകയും, നേതൃതലത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ, കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ തീർച്ചയായും ഇടതുപക്ഷത്തിന് ഇനിയും സാധിക്കും. കേരളത്തെ ഇന്നുകാണുന്ന രൂപത്തിൽ കെട്ടിപടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച കമ്മൃൂണിസ്‌റ്റുകൾ ഇല്ലാതാകാൻ, എതിരാളികൾ പോലും എന്തായാലും ആഗ്രഹിക്കുകയില്ല. അങ്ങനെ എളുപ്പത്തിൽ ആർക്കും പറിച്ചെറിയാൻ പറ്റുന്ന ഒരു പാർട്ടിയുമല്ല സി.പി എം. തെറ്റ് തിരുത്തി കരുത്തോടെ സിപിഎം അധികാരത്തിൽ തിരിച്ചു വരണമെന്നു തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.

Team EXPRESS KERALA

വീഡിയോ കാണാം

Share Email
Top